കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; മുഖ്യമന്ത്രിക്ക് നിവേദനം നൽകി
May 5, 2021, 16:53 IST
കാസർകോട്: (www.kasargodvartha.com 05.05.2021) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. വ്യാപാര മേഖലയെ മാത്രം ലക്ഷ്യം വെച്ച് നടപ്പാക്കിയിരിക്കുന്ന നിയന്ത്രണങ്ങൾ ജീവിതോപാധിക്ക് വേണ്ടി കച്ചവടം നടത്തുന്ന സാധാരണക്കാരുടെ നട്ടെല്ലൊടിക്കും.
നേരത്തെ തന്നെ ലോക് ഡൗൺ കാരണം നാശോന്മുഖമായ വ്യാപാരമേഖലയിൽ നാമമാത്രമായ ഉയിർത്തെഴുന്നേൽപിന്റെ ലക്ഷണങ്ങൾ പ്രകടമായ നേരത്താണ് വീണ്ടും ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നത്. പെരുന്നാൾ വിപണിയെ ലക്ഷ്യമിട്ട് കടം വാങ്ങിയും മറ്റും സാധനങ്ങൾ സ്റ്റോക് ചെയ്തിരുന്ന ചെറുകിട കച്ചവടക്കാർക്ക് ഇത് താങ്ങാനാകില്ല. ഈ സീസൺ കൂടി നഷ്ടപ്പെട്ടാൽ ധാരാളം കച്ചവടക്കാരെ വ്യാപാരം അവസാനിപ്പിക്കുന്നതിനും, ആത്മഹത്യയിലേക്കും നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചാൽ ആൾ തിരക്ക് ഒഴിവാക്കാനാവും. ഒറ്റ, ഇരട്ട നമ്പർ വണ്ടികൾ ഒന്നിടവിട്ട ദിവസം ഓടിക്കുന്നതിന് അനുമതി നൽകുന്നതു പോലെ ആഴ്ചയിൽ രണ്ടോ, മൂന്നോ ദിവസം എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി എങ്കിലും നൽകുക. നിത്യോപയോഗ സാധനങ്ങൾക്കും അത്തരം ഇളവുകൾ മാത്രം നൽകുമ്പോൾ ടൗണുകളിൽ ആൾ തിരക്ക് ഒഴിവാക്കാൻ സാധിക്കുമെന്നും നേതാക്കൾ പറഞ്ഞു.
അടിയന്തരമായി അനുകൂല നടപടി ഉണ്ടാവണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി, ചീഫ് സെക്രടറി, എം പി, അഞ്ച് നിയുക്ത എം എൽ എമാർ എന്നിവർക്ക് ജില്ലാ കമിറ്റി നിവേദനം നൽകി.
Keywords: Kasaragod, Kerala, News, Top-Headlines, COVID-19, Corona, Pinarayi-Vijayan, Allow to open all shops with the Covid protocol, says vyapari vyavasayi ekopana samithi.