മെറ്റൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു
Nov 4, 2020, 17:42 IST
ബദിയടുക്ക: (www.kasargodvartha.com 04.11.2020) മെറ്റൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ മരിച്ചു. ബെള്ളൂർ പള്ളപ്പാടിയിലെ മുഹമ്മദിൻ്റെ മകൻ റഫീഖ് (33) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിട്ട്ളയ്ക്കടുത്ത് പുളച്ചയിലാണ് അപകടം. കൂടെയുണ്ടായിരുന്ന സഹായി പള്ളപ്പാടിയിലെ അശ്റഫ് (32) പരിക്കുകളോടെ രക്ഷപ്പെട്ടു.
വിട്ട്ളയിൽ നിന്നും മെറ്റൽ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ ലോറിക്കടയിൽപ്പെട്ട റഫീഖിനെ ജെ സി ബി കൊണ്ടുവന്ന് മറിഞ്ഞ ലോറി ഉയർത്തിയാണ് പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ റഫീഖിനെ മംഗ്ലൂരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഹമ്മദ് - ആസിയ ദമ്പതികളുടെ മകനാണ്, ഭാര്യ: ഖദീജ. മക്കൾ: റാഫി , റാഹില സഹോദരങ്ങൾ: ഹാരിസ്, റസാഖ്, റംല.
Keywords: Kerala, News, Kasaragod, Badiyadukka, Accidental Death, Accident, Death, Lorry, Youth, Injured, Top-Headlines, A tipper lorry carrying metal overturned; Driver dies.