city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ കനാലില്‍ വീണു; യുവാവിന്റെ സമയോചിത ഇടപെടല്‍ 2 ജീവനുകള്‍ രക്ഷപ്പെടുത്തി

കൊച്ചി: (www.kasargodvartha.com 10.06.2017) കാര്‍ കനാലില്‍ വീണു. യുവാവിന്റെ സമയോചിത ഇടപെടല്‍ മൂലം രണ്ട് ജീവനുകള്‍ രക്ഷപ്പെട്ടു. ദേശീയ ജലപാതയായ ചമ്പക്കര കനാലില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കൂടം പാലത്തിനു താഴെ കണ്ണാടികാടിലാണ് അപകടം. ഫാക്ട് ജീവനക്കാരനാണ് രണ്ട് ജീവനുകള്‍ രക്ഷപ്പെടുത്തിയത്.

കായല്‍ തീരത്തുള്ള വീട്ടിലെ പോര്‍ച്ചില്‍നിന്നു കാര്‍ ഇറക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് കായലില്‍ പതിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശി ജഗദീഷ് മണ്ഡല്‍(50) ആണ് വാഹനം ഓടിച്ചിരുന്നത്. ശക്തമായ വേലിയേറ്റം ഉണ്ടായിരുന്നതിനാല്‍ നിമിഷങ്ങള്‍ക്കകം കാര്‍ ഒഴുക്കില്‍പ്പെട്ടു. സംഭവം കണ്ടുനിന്ന മറ്റൊരു ബിഹാര്‍ സ്വദേശി ശത്രുഘ്നന്‍ രക്ഷിക്കാനായി കായലില്‍ ചാടിയെങ്കിലും ഒഴുക്കില്‍പ്പെട്ടു. ഈ സമയം അതുവഴി ബൈക്കില്‍ വരികയായിരുന്ന ഫാക്ട് ജീവനക്കാരന്‍ മരട് മദര്‍ തെരേസാ റോഡിലെ കടയപറമ്പില്‍ കെ സി ആന്റണി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

കാര്‍ കനാലില്‍ വീണു; യുവാവിന്റെ സമയോചിത ഇടപെടല്‍ 2 ജീവനുകള്‍ രക്ഷപ്പെടുത്തി

ആന്റണി കനാല്‍ റോഡിലൂടെ വരുന്നതിനിടെ കായലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ വീട്ടില്‍നിന്നു വലിയൊരു കയര്‍ വാങ്ങുകയും ആന്റണി കായലിലേക്കു ചാടുകയുമായിരുന്നു. അപ്പോഴേക്കും കാര്‍ അപകട സ്ഥലത്തുനിന്നു നൂറു മീറ്ററോളം ഒഴുകിനീങ്ങിയിരുന്നു. മുങ്ങി താണുകൊണ്ടിരുന്ന കാറില്‍നിന്നു ജഗദീഷ് മണ്ഡലിനെ പുറത്തെത്തിച്ചു. പിന്നീട് ഒഴുക്കില്‍പ്പെട്ട ശത്രുഘ്നനെയും രക്ഷപ്പെടുത്തി. കൈയില്‍ കരുതിയിരുന്ന കയര്‍ കാറിന്റെ സ്റ്റിയറിങ്ങില്‍ കെട്ടി പാലത്തോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കുറ്റിയില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇതിനിടെ വാഹനം മുങ്ങി ചെളിയില്‍ പൂണ്ടിരുന്നു. പിന്നീട് അഗ്‌നി ശമനസേന എത്തി രണ്ടുമണിക്കൂര്‍ കഠിനാധ്വാനം ചെയ്താണ് കാര്‍ കരയ്ക്കെത്തിച്ചത്. ആന്റണി സ്റ്റിയറിങ്ങില്‍ കെട്ടിയ കയറാണ് ചെളിയില്‍ പൂണ്ട കാര്‍ കണ്ടെത്തുന്നതിനും കരയ്ക്ക് അടുപ്പിക്കുന്നതിനും സഹായകമായത്. ബിഹാര്‍ സ്വദേശിയും കണ്ണാടികാടില്‍ എസ് കെ ഡെക്കറേഷന്‍ ആന്‍ഡ് ഇന്റീരിയല്‍സ് സ്ഥാപനം നടത്തിവരികയും ചെയ്യുന്ന സുരേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. അപകടത്തില്‍പെട്ട രണ്ടുപേരും ഇയാളുടെ ജോലിക്കാരാണ്. ആറുമാസം മുമ്പുവാങ്ങിയ പുതിയ കാറാണു കായലില്‍ വീണത്.

30 വര്‍ഷമായി ഫാക്ടില്‍ സേവനം അനുഷ്ഠിച്ചുവരുന്ന ആന്റണി 52 ദിവസം കൂടി കഴിഞ്ഞാല്‍ വിരമിക്കുകയാണ്. പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുക്കാതെ ആന്റണി നടത്തിയ പ്രവര്‍ത്തനത്തെ നാട്ടുകാരും പോലീസും അഗ്‌നിശമനസേന ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.

ഡോര്‍ ഗ്ലാസുകള്‍ ഉയര്‍ത്താതിരുന്നതാണു ദുരന്തം ഒഴിവാക്കിയത്. ഇതുവഴിയാണ് ഡ്രൈവറെ പുറത്തെത്തിക്കാന്‍ ആന്റണിക്ക് കഴിഞ്ഞത്. ബാര്‍ജര്‍ സര്‍വീസ് നടത്തുന്ന ചമ്പക്കര കനാലിന് നല്ല ആഴമുണ്ട്. ശക്തമായ അടിയൊഴുക്കും. വിദ്യാര്‍ഥിയും യുവാവും അടക്കം നിരവധി പേര്‍ ഈ ഭാഗത്ത് ഒഴുക്കില്‍പെട്ട് മരിച്ചിട്ടുണ്ടെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. ആന്റണിയുടെ സമയോചിതവും ധീരവുമായ നടപടിയാണ് മറ്റൊരു ദുരന്തം ഒഴിവാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Swimming, Death, fire force, River, Car-Accident, Top-Headlines, news, 2 rescued from canal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia