108 ആംബുലൻസ് സ്കൂടറിലിടിച്ച് 16 കാരൻ മരിച്ചു; സ്കൂടറോടിച്ച യുവാവിന് ഗുരുതരം
Apr 13, 2021, 21:34 IST
ബദിയടുക്ക: (www.kasargodvartha.com 13.04.2021) കൊവിഡ് രോഗിയെയും കൊണ്ട് പോകുകയായിരുന്ന 108 ആംബുലൻസ് സ്കൂടറിലിടിച്ച് 16 കാരൻ മരിച്ചു. സ്കൂടറോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ബദിയടുക്ക പെർഡാല പയ്യാലടുക്കയിലെ ഹമീദ് - സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് ശാഹിൽ (16) ആണ് മരിച്ചത്. പെർഡാല നവജീവൻ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂടറോടിച്ച പെർഡാലയിലെ ഇബ്രാഹിമിൻ്റെ മകൻ അബ്ദുസ്സമദിനെ (19) ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 5.30 മണിയോടെ കാസർകോട്ട് നിന്നും മൂന്ന് കൊവിഡ് രോഗികളെയും കൊണ്ട് ഉക്കിനടുക്ക മെഡികൽ കോളജിലേക്ക് വരുമ്പോൾ ബദിയടുക്ക സർകിളിനടുത്ത് വെച്ചാണ് സ്കൂടറിലിച്ചത്.
കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു ശാഹിലും സമദും. ആംബുലൻസ് ഇടിച്ച ശേഷം സ്കൂടറിനെ അൽപ്പദൂരം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് നിന്നത്.
തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ശാഹിലിനെയും സമദിനെയും ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരതരമായതിനാൽ ഇരുവരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശാഹിൽ വഴിമധ്യേ മരണപ്പെട്ടു.
ശാഹിലിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ: അൽഹജ്, ജഫീൻ, അമാന. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala, News, Kasaragod, Perdala, Top-Headlines, COVID-19, Corona, Accident, Accidental Death, Death, Badiyadukka, Ambulance, 16-year-old died after 108 ambulance collided with scooter.