Criticism | ജമാഅതെ ഇസ്‌ലാമിയുടെ ആത്മീയ ചൂഷണം സമൂഹം തിരിച്ചറിയണമെന്ന് പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി
● 'ജമാഅത്തെ ഇസ്ലാമിയുടെ ആത്മീയ മുഖം തനി കാപട്യമാണ്'
● 'അവരുടെ പരിപാടികളിൽ സയ്യിദന്മാരെ പങ്കെടുപ്പിക്കുന്നത് കാപട്യം'
● 'ബൈത്തുസ്സകാത്ത് സംവിധാനം ഇസ്ലാമിക വിരുദ്ധമാണ്'
കാഞ്ഞങ്ങാട്: (KasargodVartha) നബികുടുംബത്തെ ആദരിക്കുന്ന സമീപനം ഉച്ചനീചത്വമാണെന്ന് പ്രചരിപ്പിച്ച ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ അവരുടെ പരിപാടികളിൽ സയ്യിദന്മാരെ പങ്കെടുപ്പിക്കുന്നത് തനി കാപട്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി പറഞ്ഞു. സയ്യിദൻമാർ ഒരിക്കലും ഇത്തരം കക്ഷികളുടെ ആത്മീയ ചൂഷണങ്ങൾക്ക് വിധേയപ്പെടരുത്
ജമാഅത്തെ ഇസ്ലാമിയുടെ ആത്മീയ മുഖം തനി കാപട്യമാണ്. അവർ രൂപപ്പെടുത്തിയ ബൈത്തുസ്സകാത്ത് സംവിധാനം ഇസ്ലാമിക വിരുദ്ധമാണ്. നബി കുടുംബത്തെ ഇതിന്റെ പരസ്യത്തിന് ഉപയോഗപ്പെടുത്തിയത് ആത്മീയ ചൂഷണമാണ്. എന്താണ് ജമാഅത്തെ ഇസ്ലാമിയെന്ന് വിശ്വാസിക്ക് തിരിച്ചറിവ് നൽകുന്നതാണ് അവർ ഇപ്പോൾ നടത്തുന്ന ഇത്തരം പരിപാടികളെന്നും വിശ്വാസികൾ ജാഗ്രത പുലർത്തണം എന്നും
പേരോട് സഖാഫി കൂട്ടിച്ചേർത്തു
ബോധ്യപ്പെടുന്ന സത്യത്തെ അവഗണിക്കരുത്. ബോധ്യപ്പെടുന്ന സത്യത്തെ ഉൾകൊള്ളുന്നവനാണ് വിശ്വാസിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുന്നി യുവജന സംഘം (എസ് വൈ എസ്) പ്ലാറ്റിനം ഇയറിന്റെ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് അബ്ദുൽ ഖാദർ സഖാഫികാട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
ബി.എസ് അബ്ദുള്ള കുഞ്ഞി, ഫൈസി അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, ഇബ്രാഹിം സഖാഫി കൊമ്മാളി, ചിത്താരി അബ്ദുല്ല ഹാജി, സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ, ഡോ. അബ്ദുല്ല കാഞ്ഞങ്ങാട്, മദനീയം അബ്ദുൽത്വീഫ് സഖാഫി, വി സി മുഹമ്മദ് അബുദാബി, മുസ സഖാഫി കളത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, ശിഹാബ് പാണത്തൂർ, അബ്ദുൽ ഹമീദ് മൗലവി കൊളവയൽ, സത്താർ പഴയ കടപ്പുറം, ശിഹാബുദ്ദീൻ അഹ്സനി, മഹ്മൂദ് അംജദി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും സത്താർ പഴയ കടപ്പുറം നന്ദിയും പറഞ്ഞു.
#JamaatEIslami #SpiritualExploitation #IslamicAwareness #AbdulRahmanSakhafi #CommunityVoices #BelieverVigilance