Event | സഅദിയ്യയുടെ 55-ാം വാർഷിക സമ്മേളനംനവംബർ 22, 23, 24 തീയതികളിൽ; മംഗ്ളൂറിൽ പ്രഖ്യാപനം നടന്നു
മജ്ലിസുൽ ഉലമ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മദ്ഹർ സിയാറത്തിന് നേതൃത്വം നൽകി.
മംഗളൂരു: (KasargodVartha) തെന്നിന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ സഅദിയ്യയുടെ 55-ാം വാർഷിക സമ്മേളനം 2024 നവംബർ 22, 23, 24 തീയതികളിൽ കാസർകോട് ദേളിയിൽ വച്ച് നടക്കും. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപന സമ്മേളനം നടന്നു.
കെ.ജി മുതൽ പി.ജി വരെയുള്ള വിദ്യാഭ്യാസം മതപഠനത്തോടൊപ്പം നൽകുന്ന സഅദിയ്യയിൽ 30-ലധികം സ്ഥാപനങ്ങളിലായി 8000-ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഉള്ളാൾ സയ്യിദ് മദനി ദർഗയിൽ നടന്ന സിയാറത്തോടെ സമ്മേളന പ്രഖ്യാപനത്തിന് തുടക്കം കുറിച്ചു. മജ്ലിസുൽ ഉലമ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മദ്ഹർ സിയാറത്തിന് നേതൃത്വം നൽകി. കർണാടക ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ.പി. ഹുസൈൻ സഅദി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, സമ്മേളന സ്വാഗത സംഘം ചെയർമാനും കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ല കമ്മിറ്റി പ്രസിഡണ്ടുമായ സയ്യിദ് ഹസനുൽ അഹദൽ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
സമ്മേളനത്തിൽ ഉബൈദുല്ലാഹി സഅദി നദ്‌വി, സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അബു സുഫിയാൻ മദനി, അബ്ദുൽ റഷീദ് സൈനി, റഫീഖ് സഅദി ദേലംപാടി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
സമ്മേളന മലയാള ബ്രോഷർ പ്രകാശനം മുഹമ്മദ് ഹാജി, അമീൻ ഹാജിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. കന്നട ബ്രോഷർ പ്രകാശനം എസ് കെ ഖാദർ ഹാജി, ജലീൽ ഹാജി ബ്രൈറ്റിന് നൽകി നിർവഹിച്ചു.
സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂദ് അൽ ബുഖാരി കുറാ സമാപന പ്രാർത്ഥന നടത്തി. യഅഖൂബ് സഅദി സ്വാഗതവും മൻസൂർ സഅദി നന്ദിയും പറഞ്ഞു. സഅദിയ്യയുടെ 55-ാം വാർഷിക സമ്മേളനം തെന്നിന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസ രംഗത്തെ ഒരു പ്രധാന സംഭവമായിരിക്കും.