Culture | തുമ്പിതുള്ളൽ: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗം
● പണ്ട് കാലത്ത് ഓണം, ശിവരാത്രി ദിവസങ്ങളിൽ അരങ്ങേറുമായിരുന്നു.
● ശിവപ്രീതിക്കായി അവതരിപ്പിച്ചിരുന്ന ഒരു അനുഷ്ഠാനമാണ്.
● പെൺകുട്ടികൾ പ്രധാന പങ്കു വഹിക്കുന്നു.
ഓണപ്പൊലിമ / ചന്ദ്രൻ മുട്ടത്ത്
(KasargodVartha) 'ഒന്നാം തുമ്പിയും അവർ പെറ്റമക്കളും പോക കടപ്പുറം ചൂത് പൊരിക്കാൻ ചൂതിൽ മറ്റും തോറ്റുപോയാൽ
തുമ്പിരെ നാട് തുളുനാട്
രണ്ടാം തുമ്പിയും
തുമ്പിപ്പെറ്റ മക്കളും...'
പഴയ ജന്മി ഗൃഹങ്ങളിലും തറവാട്ടു മുറ്റങ്ങളിലും ഓണം, ശിവരാത്രി നാളുകളിൽ ഗ്രാമീണ വനിതകൾ ഒത്തുകൂടി അവതരിപ്പിച്ചിരുന്ന അനുഷ്ഠാനമായിരുന്നു തുമ്പിതുള്ളൽ. പുതുകാലത്ത് അപൂർവം ഗ്രാമങ്ങളിൽ മാത്രമാണ് തുമ്പിതുള്ളൽ നടത്തിവരുന്നത്. വിവിധ ഗോത്ര സംസ്കാരത്തിനനുസരിച്ച് കളിയിലും, പാട്ടിലും, വേഷത്തിലും പാഠഭേദമുണ്ട്.
വീട്ടുമുറ്റത്ത് ചാണകം മെഴുകി തയ്യാറാക്കിയ കളരികളിലാണ് കളി അരങ്ങേറുക. കളരിക്ക് നടുവിലായി നിറവിളക്ക് കത്തിച്ചു വെക്കും. പുത്തൻ ആടയാഭരണങ്ങൾ ധരിച്ച് തുമ്പി ഉറയുന്ന പെൺകുട്ടി മുട്ടുകുത്തിയിരിക്കും. തുമ്പിവേഷം ധരിക്കുന്ന പെൺകുട്ടിക്ക് ചുറ്റിലുമായി വ്രതം നോറ്റ പെൺകുട്ടികൾ കമുകിൻ പൂക്കുല, തുമ്പച്ചെടി, ചൂത് (കുറ്റിച്ചൂലുണ്ടാക്കുന്ന ചെടിയുടെ പുല്ല്) എന്നിവ കൈയ്യിലേന്തി പാട്ടുപാടി നൃത്തം വയ്ക്കും.
'എന്തേ തുമ്പി ഉറയാത്തൂ...
കിണ്ണത്തിൽ പൂക്കുല പോരാത്തോ...'
എന്ന ഈരടിയിൽ ആരോഹണ അവരോഹണ ക്രമത്തിൽ നൂറ്റൊന്നാവർത്തി പാട്ടു പാടിയാണ് നൃത്തം. പാട്ടിന്റെ താളം മുറുകുമ്പോൾ തുമ്പി തലമുടിയഴിച്ചിട്ട് കണ്ണുരുട്ടി ഭീകരമായി ഉറഞ്ഞു തുള്ളും. പിന്നീട്, അട്ടഹാസത്തോടെ ഉണർന്നെഴുന്നേറ്റ് ബ്രൂ' ബ്രൂ'വെന്ന് പ്രത്യേക ശബ്ദമുണ്ടാക്കി ചുറ്റും കൂടി പാട്ടുപാടി നൃത്തം ചെയ്തവരെ ഓടിച്ചുപിടിച്ച് മാന്തിയും കടിച്ചും ഉപദ്രവിക്കും.
ഉറഞ്ഞാട്ടത്തിനൊടുവിൽ തുമ്പി ബോധമറ്റ് കളരിയിൽ മലർന്നടിച്ച് വീഴു ന്നതോടെ കളിക്ക് പരിസമാപ്തിയാകും. ബോധമില്ലാതെ കിടക്കുന്ന തുമ്പിക്ക് ചാണകം കലക്കിയ വെള്ളം പോലും പഴയ കാലത്ത് കൊടുക്കുന്ന പതിവുണ്ടായിരുന്നു. പോയ കാലത്ത് ജന്മി നാടുവാഴി ഗൃഹങ്ങളിൽ തുമ്പി തുള്ളൽ കാണാൻ വൻ പുരുഷാരം തന്നെ ഉണ്ടാകാറുണ്ട് .
ശിവ പ്രീതിക്കാണ് പെൺകുട്ടികൾ ശിവരാത്രി വ്രതമെടുക്കുന്നത്. കുംഭ മാസത്തിലെ കൃഷ്ണപക്ഷ ചതുർദശയിൽ വ്രതം നോൽക്കുന്നവർക്ക് ഉദ്ദിഷ്ടകാര്യം ലഭിക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം . പ്രായമായവർ ഉറക്കമിളച്ചിരുന്ന് പുരാണ പാരായണം നടത്താറുണ്ട്. മഹർഷിയായ ദുർവ്വാസാവിന്റെ ഉഗ്രകോപത്താലുള്ള ശാപം തീർക്കാൻ ദേവാസുരൻമാരും മഹർഷികളും വ്രതമിരുന്നത് സൂചിപ്പിക്കുന്ന പുരാവൃത്തം ശിവരാത്രിയുമായി ബന്ധപ്പെട്ടുണ്ട്.
ദുർവ്വാസാവിന്റെ ശാപം മൂലം ദേവർഷികൾ പരിക്ഷീണരായി. പരിഹാരത്തിനായി മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. പാലാഴി കടഞ്ഞ് വിശിഷ്ടമായ അമൃതെടുക്കുവാൻ വിഷ്ണു ഉപദേശം നൽകി. ദേവാസുരൻമാർ സന്ധിചെയ്ത് പാലാഴി കടഞ്ഞ് അമൃതെടുക്കുവാൻ ആരംഭിച്ചു. മന്ദര പർവ്വതത്തെ കടകോലായും വാസുകിയെ കയറാക്കിയും അമൃതെടുക്കുവാൻ പരിശ്രമം നടന്നു. ഇതിനിടയിൽ , വാസുകിയുടെ നാവിൽ നിന്നും കാളകൂട വിഷമൊഴുകി.
ആപത്തില്ലാതാക്കാൻ പരമശിവൻ വിഷം പാനം ചെയ്തു. ശിവന് ആപത്തു പിണയാതിരിക്കാൻ പാലാഴി കടയാനെത്തിയവർ ഉറക്കമിളച്ചിരുന്ന് 'ഓം നമ: ശിവായ' എന്ന പഞ്ചാക്ഷരി മന്ത്രം ജപിച്ചു. ഇവർ നടത്തിയ പ്രാർത്ഥനയെ അനുസ്മരിച്ചാണ് ശിവരാത്രി നാളിൽ വിശ്വാസികൾ ഉപവാസമനുഷ്ഠിച്ച് ഉറക്കമൊഴിയുന്നതെന്നാണ് ഐതിഹ്യം.
#Thumpithullal #KeralaCulture #IndianCulture #TraditionalDance #CulturalHeritage #WomenEmpowerment