Ban | ചെമനാട് ജമാഅത് കമിറ്റി അംഗമായ മുസ്ലീം ലീഗ് നേതാവിനെ വഖഫ് കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിലക്കി; രാഷ്ട്രീയ വിരോധമെന്ന് വെൽകം മുഹമ്മദ്
● വഖഫ് ട്രൈബ്യൂണലാണ് വിധി പറഞ്ഞത്
● ജമാഅത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയാണ് കാരണം.
● സി ടി അഹ്‌മദ് അലിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദേശിച്ചത് ഇദ്ദേഹമായിരുന്നു
ചെമനാട്: (KasargodVartha) ജമാഅത് കമ്മിറ്റി അംഗമായ മുസ്ലീം ലീഗ് നേതാവ് വെൽകം മുഹമ്മദിനെ വഖഫുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും വഖഫ് ട്രൈബ്യൂണൽ വിലക്കി. ജമാഅത് കമിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെൽകം മുഹമ്മദിനെ നോമിനേഷനിലൂടെ നിലവിലുള്ള ഭരണ സമിതി അംഗമാക്കിയതിന് എതിരെ ഖലീൽ ബടക്കംബാത്ത് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് ട്രൈബ്യൂണൽ ജഡ്ജ് രാജൻ തട്ടിൽ വിധി പ്രസ്താവിച്ചത്.
നിലവിൽ അക്കര മുഹ്‌യുദ്ദീൻ മസ്ജിദ് പ്രസിഡണ്ടും തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് കമിറ്റിയിൽ കൗൺസിലറും ആണ് വെൽകം മുഹമ്മദ്. മുൻ മന്ത്രി സി ടി അഹ്‌മദ് അലി പ്രസിഡണ്ട് ആയുള്ള ചെമ്മനാട് ജമാഅത് ഭരണ സമിതിക്ക് പ്രതികൂലമാണ് ട്രൈബ്യൂണൽ വിധിയെന്നാണ് പറയുന്നത്. സി ടി അഹ്‌മദ് അലിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദേശിച്ചത് വെൽകം മുഹമ്മദ് ആണ്.
ചെമ്മനാട് ജമാഅത് കമിറ്റിയിലേക്ക് അക്കര മുഹ്‌യുദ്ദീൻ മസ്ജിദ് മഹല്ലിൽ നിന്നും തിരഞ്ഞെടുപ്പിലൂടെ അംഗമാക്കപ്പെട്ട ആളാണ് വെൽകം മുഹമ്മദ് എന്ന് ജമാഅത് സെക്രടറി സത്യവാങ്മൂലം നൽകിയെങ്കിലും ട്രൈബ്യൂണൽ അത് അംഗീകരിച്ചില്ല. ഈ വിധി പ്രകാരം, വെൽകം മുഹമ്മദിന് ചെമനാട് ജമാഅത് കമിറ്റി, അക്കര മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമിറ്റി, മാലിക് ദീനാർ ജുമാ മസ്ജിദ് എന്നിവയുമായി ബന്ധപ്പെട്ട വഖഫ് കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ചെമനാട് ജമാഅതിന്റെ ഭരണഘടനയിലെ ഒരു നിബന്ധന പ്രകാരം, മറ്റു ജമാഅതുകളിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ചെമനാട് ജമാഅത്ത് കമിറ്റിയിൽ അംഗമാകാൻ അനുമതിയില്ല. ഈ നിബന്ധനയെ അടിസ്ഥാനമാക്കിയാണ് ട്രൈബ്യൂണലിൽ വാദം ഉന്നയിക്കപ്പെട്ടത്. എട്ട് മാസം മുമ്പാണ് ചെമനാട് ജമാഅത്തിന് പുതിയ കമിറ്റി നിലവിൽ വന്നത്.
അതേസമയം തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ വിരോധത്തിൻ്റെ ഭാഗമാണെന്നും നിയമപരമായി തന്നെ നേരിടുമെന്നും വെൽകം മുഹമ്മദ് കാസർകോട് വാർത്തയോട് പറഞ്ഞു. ഒരു കേസിന്റെ നടത്തിപ്പിന് ചിലവാക്കിയ തുക കമിറ്റിയിലേക്ക് തിരികെ നൽകുന്നത് ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന ചിലരുമായി ഉണ്ടായ പ്രശ്നങ്ങളും ഇതിന് കാരണമാണെന്നും ഇപ്പോൾ കോടതിയിൽ നിന്നുണ്ടായിരിക്കുന്നത് താത്കാലിക വിധി മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
(Updated)
#Wakf #MuslimLeague #Kerala #Chemanad #Tribunal #Ban