വനം കാണാൻ എത്തിയ യുവാക്കളുടെ സംഘം കാട്ടിൽ കുടുങ്ങി; രക്ഷപ്പെടുത്തിയ പൊലീസ് തിരിച്ചയച്ചത് മുട്ടൻ പണി കൊടുത്ത്
Aug 5, 2021, 10:33 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.ksargodvartha.com 05.08.2021) ലോക് ഡൗൺ നിയന്ത്രണം മറി കടന്ന് കാട് കാണാനെത്തി മഴവന്നതോടെ കാട്ടിലെ വഴിയറിയാതെ കുടുങ്ങിയ 16 യുവാക്കളെ രക്ഷപെടുത്തിയ പൊലീസ് അവർക്ക് മുട്ടൻ പണി കൊടുത്താണ് തിരിച്ചയച്ചത്. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിഴയും താക്കീതും നൽകിയാണ് 16 പേരെയും വിട്ടയച്ചത്.
ലോക്ഡൗൺ വിരസത മാറ്റാൻ കൊന്നക്കാട് കോട്ടഞ്ചേരി മലമുകളിൽ എത്തിയ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 യുവാക്കൾക്കെതിരെയാണ് കോവിഡ് നിയന്ത്രണം മറി കടന്നതിന്റെ പേരിൽ കേസെടുത്തത്.
സംഭവം വെള്ളരിക്കുണ്ട് സി ഐ എ അനിൽ കുമാർ വിവരിക്കുന്നത് ഇങ്ങനെ: ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവർ കോട്ടഞ്ചേരി മലയിൽ എത്തിയത്. ഒന്നിലധികം വാഹനങ്ങളിലായി എത്തിയവർ, വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് കാട് കാണാൻ വനത്തിലേക്ക് കയറി. കാറ്റും മഴയും വന്നതോടെ വനത്തിൽ നിന്നും തിരിച്ചിറങ്ങാൻ വഴി കിട്ടാതെ കാട്ടിൽ അലഞ്ഞ ഇവർ സഹായം അഭ്യർഥിച്ച് മൊബൈൽ ഫോൺ വഴി വെള്ളരിക്കുണ്ട് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
പൊലീസ് സ്ഥലം മനസിലാക്കി എത്തിയപ്പോഴേക്കും മറ്റൊരു വഴിയിൽ കൂടി ഇവർ പുറത്തെത്തി. മുഴുവൻ പേരെയും വാഹനങ്ങളും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. രാത്രിയായതിനാലും കോവിഡ് സുരക്ഷ പരിഗണിച്ചും യുവാക്കളെ വീട്ടിലേക്ക് വിട്ടയക്കുകയും ബുധനാഴ്ച രാവിലെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.
പിറ്റേദിവസം സ്റ്റേഷനിൽ എത്തിയ മുഴുവൻ പേർക്കും പൊലീസ് പിഴയും ബോധവൽക്കരണവും നൽകി വിട്ടയക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചുള്ളി തട്ട്, അച്ഛൻ കല്ല് വെള്ളചാട്ടം, കോട്ടഞ്ചേരി മല തുടങ്ങിയ സ്ഥലങ്ങൾ കാണാൻ ഒട്ടേറെ പേർ പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്താറുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇനി അത്തരം ആളുകളെ പിടി കൂടിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും പകർചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്നും വെള്ളരിക്കുണ്ട് സി ഐ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, News, Lockdown, Police, Youth, Rain, Fine, COVID-19, Vellarikundu, Kottacheri, Vehicles, Top-Headlines, Mobile Phone, Police-station, Kasargodvartha, Case, Group of youths who came to see forest were trapped in the forest.