കോം ഇന്‍ഡ്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രായലത്തിന്റെ അംഗീകാരം; ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ സംഘടന, കാസര്‍കോട് വാര്‍ത്തയും 23 ഓണ്‍ലൈന്‍ മാധ്യമങ്ങളും അംഗങ്ങള്‍
Oct 8, 2021, 19:27 IST
ന്യൂഡെൽഹി: (www.kasargodvartha.com 08.10.2021) കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ - ഇൻഡ്യക്ക് (കോം ഇൻഡ്യ) കേന്ദ്ര സര്‍കാരിൻറെ അംഗീകാരം. പുതിയ ഐടി നിയമത്തിന്‍റെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച മാധ്യമങ്ങള്‍ക്കുള്ള സ്വയം നിയന്ത്രണ സമിതിക്കാണ് അംഗീകാരം ലഭിച്ചത്. കോം ഇൻഡ്യയുടെ കീഴില്‍ രൂപവൽകരിച്ച ഇൻഡ്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിനാണ് ( ഐഡിപിസിജിസി) അനുമതി ലഭിച്ചത്. ഈ അംഗീകാരം നേടുന്ന ഇൻഡ്യയിലെ തന്നെ മൂന്നാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ സമിതിയാണ് കോം ഇൻഡ്യയുടേത്.
ഉത്തര മലബാറിലെ ഏറ്റവും പ്രശസ്തമായ ഓൺലൈൻ മാധ്യമമെന്ന നിലയിൽ കാസർകോട് വാർത്ത ഡോട് കോമിന് കേന്ദ്ര സർകാർ അംഗീകാരം ലഭിക്കുന്നത് പൊൻതൂവലായി മാറി. 2007 ൽ ഔദ്യോഗികമായി ആരംഭിച്ച കാസർകോട് വാർത്ത ഡോട് കോമിന് 2010 ൽ കേന്ദ്ര സർകാരിന്റെ പത്ര പ്രസിദ്ധീകരണത്തിനുള്ള ആർ എൻ ഐ അനുമതി ലഭിക്കുകയും 2013 ൽ കേരള സർകാരിന്റെ പബ്ലിക് റിലേഷൻ വകുപ്പിന്റെ മീഡിയ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇൻഡ്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അധ്യക്ഷൻ. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍ സെകൻഡറി ഡയറക്ടറും കേരളാ യൂനിവേഴ്‌സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍, കോം ഇൻഡ്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (എഡിറ്റർ സത്യം ഓൺലൈൻ), സെക്രടറി അബ്ദുൽ മുജീബ് (എഡിറ്റർ കെ വാർത്ത), ട്രഷറര്‍ കെ കെ ശ്രീജിത്ത് (എഡിറ്റർ ട്രൂ വിഷൻ) എന്നിവര്‍ സമിതി അംഗങ്ങളാണ്.
കേരളത്തിലെ മുഖ്യധാര പത്രങ്ങളുടെയും ചാനലുകളുടെയും ഓണ്‍ലൈനുകള്‍ ഉള്‍പെടുന്ന സമിതിക്ക് അംഗീകാരം ഇനിയും വൈകുമ്പോഴാണ് കോം ഇൻഡ്യ ഈ നേട്ടം കൈവരിച്ചത്. പുതിയ നിയമത്തിന്‍റെ ഭാഗമായുള്ള അംഗീകാരത്തിനായി കേന്ദ്ര സര്‍കാര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ കോം ഇൻഡ്യക്ക് കഴിഞ്ഞതും ഈ നേട്ടം ലഭിക്കാൻ കാരണമായി.
കോമിനെ കൂടാതെ വെബ് ജേര്‍ണലിസ്റ്റ് സ്റ്റാന്‍റാര്‍ഡ്സ് അതോറിറ്റി (ഡബ്ള്യു ജെ എ ഐ), പ്രൊഫഷണല്‍ ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍റാര്‍ഡ്സ് അതോറിറ്റി (എൻ ബി എഫ്) എന്നീ സമിതികള്‍ക്കാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആരംഭിച്ച നടപടി ക്രമങ്ങള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് അംഗീകാരം ലഭിച്ചത്.
ഇത്തരമൊരു അംഗീകാരം ലഭിച്ചതോടെ നിലവിൽ കോം ഇൻഡ്യയിൽ അംഗങ്ങളായ കാസർകോട് വാർത്ത ഡോട് കോം ഉൾപെടെ 24 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മന്ത്രാലയത്തിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു. ഇതോടെ കോം ഇൻഡ്യയില്‍ പുതിയതായി അംഗങ്ങളാകുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സമിതിയുടെ അംഗീകാരം ലഭിക്കും.
കൂടാതെ കോം ഇൻഡ്യയുടെ കീഴിലെ സെല്‍ഫ് റെഗുലേറ്റിങ് ബോഡിയാകും ഈ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സംവിധാനമായി പ്രവര്‍ത്തിക്കുക. അംഗീകാരമായതോടെ ഈ ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും വാര്‍ത്തകളും ഈ വിദഗ്ദ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യും.
നിലവിലുള്ളതും ഇനി പുതുതായി ആരംഭിക്കുന്നതുമായ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇനി ഒരു സ്വയം നിയന്ത്രണ സമിതിയില്‍ അംഗമാകേണ്ടത് നിര്‍ബന്ധമാണ്.
പ്രസ് കൗണ്‍സില്‍ ഓഫ് ഇൻഡ്യയുടെ നിയമങ്ങളും ഡിജിറ്റല്‍ മീഡിയയ്ക്ക് ഇനി ബാധകമായിരിക്കും. കേന്ദ്ര സര്‍കാര്‍ കൊണ്ടുവരുന്ന പുതിയ പ്രസ് ആന്‍ഡ് പീരിയോഡികല്‍സ് ആക്ട് -2019 ഉം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകമാകുന്ന വിധമാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇതോടെ കേരളത്തിലെ ഏക അംഗീകാരമുള്ള ഡിജിറ്റല്‍ മീഡിയാ സംഘടനയായി മാറിയിരിക്കുകയാണ് കോം ഇൻഡ്യ.
Keywords: National, News, Kerala, Government, Media worker, Kasargodvartha, Top-Headlines, Com India, Central Government Approves Com India.
< !- START disable copy paste -->