Event | കലകളുടെ വിരുന്നൊരുക്കി തെക്കിൽപറമ്പിൽ ഉപജില്ലാ സ്‌കൂൾ കലോത്സവം; മാറ്റുരക്കുന്നത് 5000 ലധികം വിദ്യാർഥികൾ
● 13 സ്റ്റേജുകളിൽ പരിപാടികൾ.
● 25, 26 ന് ജനറൽ ഓഫ് സ്റ്റേജ് മത്സരങ്ങൾ.
● 26ന് ഫ്ലാഷ് മോബ്.
● ഒക്ടോബർ 30ന് സമാപിക്കും.
കാസർകോട്: (KasargodVartha) തെക്കിൽപറമ്പ ജി യു പി സ്കൂളിൽ നടക്കുന്ന കാസർകോട് ഉപജില്ലാ കലോത്സവത്തിന് മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച ആരംഭിച്ച കലോത്സവം ഒക്ടോബർ 30ന് സമാപിക്കും. 5454 വിദ്യാർത്ഥികൾ 354 ഇനങ്ങളിലായി മത്സരിക്കും.
എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി വിവിധ കലാ മത്സരങ്ങൾ നടക്കും. അറബിക്, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിലും മത്സരങ്ങൾ ഉണ്ട്. 13 സ്റ്റേജുകളിലായി പരിപാടികൾ സംഘടിപ്പിക്കും. ആദ്യ ദിനം അറബിക് ഓഫ് സ്റ്റേജ് മത്സരങ്ങൾ നടന്നു. 25, 26ന് ജനറൽ ഓഫ് സ്റ്റേജ് മത്സരങ്ങളാണ് നടക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 26ന് പൊയിനാച്ചിയിലും ചട്ടഞ്ചാലിലും ഫ്ലാഷ് മോബ് സംഘടിപ്പിക്കും. മേൽപറമ്പ് സി ഐ സന്തോഷ് കുമാർ എ ഉദ്ഘാടനം ചെയ്യും. ഭക്ഷണശാലയ്ക്കുള്ള വിഭവസമാഹരണം ചെമ്മനാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. 63-ാമത് കലോത്സവത്തോടനുബന്ധിച്ച് 63 കുട്ടികൾ അണിനിരക്കുന്ന സ്വാഗതഗാനം ഉദ്ഘാടന വേദിയിൽ അരങ്ങേറും.
രാജ്മോഹൻ ഉണ്ണിത്താൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എംഎൽഎ സമ്മാനദാനം നിർവഹിക്കും. സിനിമാ-ടിവി താരം ഉണ്ണി രാജ് ചെറുവത്തൂർ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തും.
വാർത്താസമ്മേളനത്തിൽ സുഫൈജ അബൂബക്കർ (സംഘാടക സമിതി ചെയർപേഴ്സൺ), ഇബ്രാഹിം മൻസൂർ കുരിക്കൾ, കൃഷ്ണൻ ചട്ടഞ്ചാൽ (ഫിനാൻസ് കമ്മിറ്റി ചെയർമാൻ), ശ്രീവത്സൻ (ജി.യു.പി എസ് തെക്കിൽ പറമ്പ് എച്ച്.എം), രാധാകൃഷ്ണൻ കാമലം (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), പി സി നസീർ (ജി.യു.പി എസ് തെക്കിൽ പറമ്പ് പി.ടി.എ പ്രസിഡണ്ട്), ശ്രീജിത്ത് എൻ.സി (പ്രചരണ കമ്മിറ്റി ചെയർമാൻ), അബ്ദുറഹ്മാൻ പി (പ്രചരണ കമ്മിറ്റി കൺവീനർ) എന്നിവർ പങ്കെടുത്തു.
#Kasaragod #ArtsFestival #StudentCompetitions #CulturalEvent #KeralaEducation #CommunityInvolvement