Launch | കാന്തപുരം എപി അബൂബകർ മുസ്ലിയാരുടെ ബുഖാരി വ്യാഖ്യാനം പ്രകാശനം ചെയ്തു; മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം ആദ്യപ്രതി സ്വീകരിച്ചു
● മർകസ് നോളജ് സിറ്റിയിലെ മലൈബാര്‍ പ്രസ്സ് ആണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
● ആദ്യപ്രതി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം ഏറ്റുവാങ്ങി.
● 20 വാള്യങ്ങളിലായി പുറത്തിറങ്ങുന്ന ഗ്രന്ഥത്തിന്റെ പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
ക്വാലലംപൂർ: (KasargodVartha) ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ സ്വഹീഹുൽ ബുഖാരി വ്യാഖ്യാനം 'തദ്കീറുൽ ഖാരി' ആദ്യ വാള്യം പ്രകാശനം ചെയ്തു. മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ നടന്ന അന്താരാഷ്‌ട്ര സ്വഹീഹുൽ ബുഖാരി പാരായണ സദസ്സിന്റെ സമാപന സംഗമത്തിലാണ് പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് നൽകി ഗ്രന്ഥം പ്രകാശനം ചെയ്തത്.
ഒരു ഹദീസ് പണ്ഡിതൻ എന്ന നിലയിൽ ശൈഖ് അബൂബക്കർ അഹ്‌മദിന്റെ ആഴത്തിലുള്ള പഠനവും അധ്യാപനവും ഇടപെടലുകളും ഇസ്‌ലാമിക വൈജ്ഞാനിക ലോകത്ത് ഏറെ വിലമതിക്കുന്ന സംഭാവനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നാടിന് നന്മവരുത്തുമെന്ന ഉറപ്പുള്ളത് കൊണ്ടാണ് സ്വഹീഹുൽ ബുഖാരി പാരായണ സംഗമങ്ങൾ ഇവിടെ ആരംഭിക്കാൻ തീരുമാനിച്ചത് എന്നും ലോകപ്രശസ്ത പണ്ഡിതരെ സദസ്സിന് നേതൃത്വം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
20 വാള്യങ്ങളിലായി പുറത്തിറങ്ങുന്ന ഗ്രന്ഥത്തിന്റെ പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ലോകപ്രശസ്തരായ ഇരുപത് പണ്ഡിതർ ചേർന്ന് ഇരുപത് വാള്യങ്ങളുടെയും കവർ പ്രകാശനം ചെയ്തു. സ്വഹീഹുൽ ബുഖാരി അധ്യാപന കാലത്തെ തന്റെ പഠനങ്ങളും ആലോചനകളും ചർച്ചകളും ആസ്പദമാക്കി വിവിധ വ്യാഖ്യാന ഗ്രന്ഥങ്ങളെയും പണ്ഡിതരെയും അവലംബിച്ചാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. വിവിധ പണ്ഡിതരുടെ സനദുകളുടെ കൈമാറ്റവും സംഗമത്തിൽ നടന്നു. ഉപപ്രധാനമന്ത്രിമാരായ അഹ്‌മദ് സാഹിദ് ബിൻ ഹാമിദി, ഫാദില്ലാഹ് ബിൻ യൂസുഫ്, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ, മലേഷ്യൻ മുഫ്‌തി ഡോ. ലുഖ്മാൻ ബിൻ അബ്ദുല്ല, വിവിധ രാജ്യങ്ങളിലെ പണ്ഡിതരായ ശൈഖ് മുഹമ്മദ് അബ്ദുൽ ഹുദ അൽ യഅ്ഖൂബി സിറിയ, അൽ ഹബീബ് ഉമർ ജല്ലാനി മലേഷ്യ, ശൈഖ് അഫീഫുദ്ദീൻ ജീലാനി ബാഗ്ദാദ്, ഡോ. ജമാൽ ഫാറൂഖ് ഈജിപ്ത്, ശൈഖ് ഇസ്മാഈൽ മുഹമ്മദ് സ്വാദിഖ് ഉസ്‌ബസ്‌കിസ്താൻ, അലീ സൈനുൽ ആബിദീൻ ബിൻ അബൂബക്കർ ഹാമിദ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. മർകസ് നോളജ് സിറ്റിയിലെ മലൈബാര്‍ പ്രസ്സ് ആണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.