Statement | ജമാഅത്തെ ഇസ്ലാമി നിലകൊള്ളുന്നത് പ്രവാചകന്റെയും ഖലീഫമാരുടെയും വഴിയിലെന്ന് കേരള അമീർ പി മുജീബ് റഹ് മാൻ
● കുമ്പളയിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം നടന്നു.
● ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
● സമ്മേളനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
കുമ്പള: (KasargodVartha) ജമാഅത്തെ ഇസ്ലാമി നിലകൊള്ളുന്നത് പ്രവാചകന്റെയും ഖലീഫമാരുടെയും വഴിയിൽ തന്നെയാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ് മാൻ പറഞ്ഞു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (GIO) ജില്ലാ സമ്മേളനം കുമ്പളയിൽ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ ജീവിത പദ്ധതിയായ ഇസ്ലാം തന്നെയാണ് നമുക്ക് പ്രചോദനം. അല്ലാതെ ഏതെങ്കിലും ഭൗതിക ദർശനങ്ങളോ മാർക്സോ എംഗൽസോ അല്ല എന്നും അദ്ദേഹം പറഞ്ഞു.
കുമ്പള ടൗണിൽ റാലിയോടെയാണ് ജില്ലാ സമ്മേളനം തുടങ്ങിയത്. ‘ഇസ്‌ലാം - വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം' എന്ന പ്രമേയവുമായി നടത്തുന്ന ജില്ലാ സമ്മേളനത്തിന് വിവിധ സ്റ്റാളുകളും കട്ടൗട്ടുകളും ഒരുക്കിയിരുന്നു. ലോകം നേരിടുന്ന വിവിധ വിഷയങ്ങൾ നിശ്ചല ദൃശ്യമായും ബാനറുകളായും പ്ലക്കാഡുകളായും നീങ്ങിയ പ്രകടനത്തിൽ വിദ്യാർഥികൾ പങ്കാളികളായി.
പൊതു യോഗത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കാസർകോട് ജില്ലാ പ്രസിഡണ്ട് ഫാത്തിമ ജാസ്മിൻ അധ്യക്ഷത വഹിച്ചു. ജി ഐ ഒ ജില്ലാ സമിതി അംഗം തഹാനി അബ്ദുസ്സലാം പ്രമേയം അവതരിപ്പിച്ചു.
നിദ മോണോ ആക്ട് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ശൂറാ അംഗം പി റുക്സാന, ഫാത്തിമ ബിഷാറ, അഫ്ര ശിഹാബ്, ത്വയ്യിബ അജ്മൽ പ്രഭാഷണം നിർവഹിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ജാസ്മിൻ വി കെ, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് അദ് നാൻ മഞ്ചേശ്വരം, എസ് ഐ ഒ കാസർകോട് ജില്ലാ പ്രസിഡണ്ട് ഷിബിൻ റ ഹ് മാൻ, ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ പ്രസിഡന്റ് സഈദ് ഉമർ സംസാരിച്ചു. ജി ഐ ഒ ജില്ലാ ജനറൽ സെക്രട്ടറി ഇബാദ അഷ്റഫ് സ്വാഗതവും ഉമ്മു അസ്ര നന്ദിയും പറഞ്ഞു. നിദ ഫാത്തിമ ഖിറാ അത്ത് നടത്തി.
#JamaateIslami #Kerala #Islam #GIO #conference #speech #Kumbla #ProphetMuhammad #Caliphs