Fact Check | തിരഞ്ഞെടുപ്പ്: പ്രവാസികൾക്ക് യുഎഇയിൽ പ്രത്യേകമായി വോട്ടെടുപ്പ് നടത്തുമോ? സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പ്
* 'ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനം'
കാസർകോട്: (KasaragodVartha) യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റേഡിയോ ചാനലിൻ്റെ പേരിൽ പ്രവാസികളായ മലയാളികളോട് വാട്‌സ് ആപ്പ് ശബ്ദ സന്ദേശങ്ങളിലൂടെ കേരളത്തിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേകമായി വോട്ടെടുപ്പ് നടത്തുമെന്ന് പ്രചരിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ.

വ്യാജം
ഇത്തരമൊരു സംവിധാനം ആരും ഒരുക്കിയിട്ടില്ലെന്നും സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി. പ്രവാസി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനായി നടത്തുന്ന ഇത്തരം പ്രചാരണങ്ങളിൽ ആരും വീഴരുതെന്നാണ് ബന്ധപ്പെട്ടവരുടെ മുന്നറിയിപ്പ്.
നടപടിയെടുക്കുമെന്ന് കാസർകോട് കലക്ടർ
വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുമെന്നും വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കുമെന്നും കാസർകോട് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.






