city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Celebration | വ്രതവിശുദ്ധിയുടെ നിറവിൽ നാടെങ്ങും ഈദുൽ ഫിത്ർ; ലഹരിക്കെതിരെ ആഹ്വാനവുമായി പണ്ഡിതർ, ഫലസ്തീൻ ഐക്യദാർഢ്യവും ശ്രദ്ധേയമായി

● വ്രതശുദ്ധിയുടെ നിറവിൽ ഈദുൽ ഫിത്ർ ആഘോഷിച്ചു.
● പള്ളികളും ഈദ്ഗാഹുകളും വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു.
● പുതുവസ്ത്രങ്ങളണിഞ്ഞ് നമസ്കാരത്തിൽ പങ്കെടുത്തു.
● മധുരം പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ആഘോഷിച്ചു.|
● ലഹരിക്കെതിരെ പണ്ഡിതർ ആഹ്വാനം ചെയ്തു.

 

കാസർകോട്: (KasargodVartha) റമസാനിലെ 29 നോമ്പുകളും പൂർത്തിയാക്കി കേരളത്തിൽ ഇസ്‌ലാം മതവിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിച്ചു. സംസ്ഥാനത്ത് പള്ളികളും ഈദ്ഗാഹുകളും വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു. പുതുവസ്ത്രങ്ങളണിഞ്ഞും  പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്നാൾ കൊണ്ടാടി.

കാസർകോട്ട് പെരുന്നാൾ നമസ്കാരത്തിനായി പള്ളികൾ വിശ്വാസികളാൽ നിറഞ്ഞിരുന്നു. നന്മകളാൽ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചത്. പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ തന്നെ വിശ്വാസികൾ നമസ്കാരത്തിനായി പള്ളികളിലെത്തി. പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് നമസ്കാരത്തിന് ശേഷം ഓരോരുത്തരും വീടുകളിലേക്ക് മടങ്ങിയത്. കുടുംബാംഗങ്ങളുമായി ഒത്തുചേർന്ന് ഇഷ്ടവിഭവങ്ങൾ കഴിച്ചും സ്നേഹം പങ്കിട്ടും ആഘോഷം ഗംഭീരമാക്കി. ഉച്ചയ്ക്ക് ശേഷം ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ വീടുകളിലേക്കുമുള്ള സന്ദർശനമാണ്.

നാടിനെ കാർന്നു തിന്നുന്ന ലഹരിയിൽ നിന്ന് വിശ്വാസി സമൂഹം മാറിനിൽക്കണമെന്ന് പണ്ഡിതർ ചെറിയ പെരുന്നാളിൻ്റെ സന്ദേശവും ആശംസകളും കൈമാറി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ആഘോഷങ്ങൾ അതിരുവിടരുതെന്നും പണ്ഡിതരും മത നേതാക്കളും പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. പെരുന്നാളിൻ്റെ നല്ല സന്ദേശം ഉൾക്കൊണ്ട് ആഘോഷം പരിമിതപ്പെടുത്തണമെന്നും ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും റോഡിൽ അഭ്യാസത്തിനിറങ്ങുന്ന യുവാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Eid al-Fitr Celebrated with Fervor Across Kerala; Scholars Urge Against Drugs, Solidarity with Palestine Observed

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാവിലെ ഏഴു മണി മുതൽ പെരുന്നാൾ നമസ്കാരം നടത്തി. സഹോദര്യത്തിൻ്റെ സന്ദേശം പകർന്ന് ചില ഈദ് ഗാഹുകളിൽ സംയുക്തമായാണ് പെരുന്നാൾ നമസ്‌കാരം നടന്നത്. കോഴിക്കോട് ബീച്ച് ഓപ്പൺ സ്‌റ്റേജിന് സമീപം, പെരുമണ്ണ സിൻസിയർ ഫുട്ബോൾ ടർഫ്, എരഞ്ഞിക്കൽ കാട്ടുകുളങ്ങര കാച്ചിലാട്ട് സ്കൂൾ ഗ്രൗണ്ട്, പുറക്കാട്ടിരി ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ട്, മെഡിക്കൽ കോളജ് റഹ്‌മാനിയ സ്‌കുൾ ഗ്രൗണ്ട്, വെള്ളിമാടുകുന്ന് സലഫി മസ്‌ജിദ്, നടക്കാവ് ജില്ലാ മസ്‌ജിദ്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവൻഷൻ സെന്റർ, ബേപ്പൂർ മെയിൻ റോഡ് ടർഫ് ഗ്രൗണ്ട്, കോഴിക്കോട് മർകസ് കോംപ്ലക്സ് മസ്ജിദ്, കാരപ്പറമ്പ് ജുമഅത്ത് പള്ളി എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി. കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുകയും ആശംസകൾ കൈമാറുകയും ചെയ്തത്.

കെഎൻഎം സംസ്‌ഥാനത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുത്തു. രണ്ടായിരത്തിലേറെ ഈദ് ഗാഹുകളിലായി സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് പങ്കെടുത്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇവിടങ്ങളിലെ പെരുന്നാൾ ഖുതുബകളിലും ലഹരിക്കെതിരായി സമുഹത്തിൻ്റെ ജാഗ്രത വേണമെന്ന ബോധവത്കരണവുമുണ്ടായി.

Eid al-Fitr Celebrated with Fervor Across Kerala; Scholars Urge Against Drugs, Solidarity with Palestine Observed

കൊച്ചിയിൽ മറൈൻ ഡ്രൈവിലും കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലുമായിരുന്നു പ്രധാന ഈദ് ഗാഹുകൾ. ഗ്രേറ്റർ കൊച്ചി ഈദ് ഗാഹ് കമ്മിറ്റിയാണ് മറൈൻ ഡ്രൈവിൽ ഈദ് ഗാഹ് സംഘടിപ്പിച്ചത്. 7.15ന് പ്രഭാഷകനും എഴുത്തുകാരനുമായ സദറുദ്ദീൻ വാഴക്കാട് ഇവിടെ നമസ്‌കാരത്തിന് നേതൃത്വം നൽകി. കലൂർ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7.15ന് കലൂർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ് നമസ്ക്‌കാരത്തിന് സുബൈർ പീടിയേക്കൽ നേതൃത്വം നൽകി. ഖത്തീബുമാരുടെ ഖുതുബ കുടി ശ്രവിച്ചാണ് വിശ്വാസികൾ നമസ്കാരത്തിനു ശേഷം മടങ്ങിയത്. സമുഹത്തിൽ മദ്യം, ലഹരി മരുന്ന് പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള മനസ്സുറപ്പോടെയും ആത്മചൈതന്യം നിലനിർത്തി നല്ല നാളേക്കായി പോരാടാനുമുള്ള വാക്കുകൾ ശ്രവിച്ചാണ് വിശ്വാസികളുടെ മടക്കം.

കാസർകോട് കുമ്പള പി ബി ഗ്രൗണ്ടിൽ നടന്ന ഈദുൽ ഫിത്ർ നമസ്കാരം വഖഫ് ബോർഡ് ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം കൊണ്ടും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കൊണ്ടും ശ്രദ്ധേയമായി. പെരുന്നാൾ നമസ്കാരത്തിന് ശേഷം വിശ്വാസികൾ ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡിൻ്റെ ബാനർ ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തി. അതോടൊപ്പം, ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർ ബലൂണുകളും ഫലസ്തീൻ പതാകയുടെ നിറങ്ങളിലുള്ള ബാനറുകളും ആകാശത്തിലേക്ക് ഉയർത്തി. ഈദ് നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വിശ്വാസികൾ പങ്കെടുത്തു. ഖത്തീബ് ബി എം അബ്ദുല്ല പെരുന്നാൾ സന്ദേശം നൽകി. വഖഫ് സ്വത്തുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കയും ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവും ഈ പ്രതിഷേധത്തിൽ പ്രകടമായി.

Eid al-Fitr Celebrated with Fervor Across Kerala; Scholars Urge Against Drugs, Solidarity with Palestine Observed

സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ, അതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ മത പണ്ഡിതർ ആഹ്വാനം ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി, കാന്തപുരം എ പി അബൂബകർ മുസ്ലിയാർ,  കെ. ആലിക്കുട്ടി മുസല്യാർ, മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ, ജിഫ്രി തങ്ങൾ തുടങ്ങിയവർ ഈദ് സന്ദേശങ്ങളിൽ ലഹരി വിരുദ്ധത ഊന്നി പറഞ്ഞു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തൻ്റെ സന്ദേശത്തിൽ, വിശുദ്ധിയുടെ ആഘോഷമാണ് ചെറിയ പെരുന്നാളെന്നും, നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാർമിക മൂല്യങ്ങളും വരും കാലത്തുടനീളം പുലർത്തണമെന്നും, ലഹരിയുപയോഗം, അക്രമ സംഭവങ്ങൾ നാട്ടിൽ വ്യാപകമായിത്തുടങ്ങിയ കാലത്ത് ശരീരത്തെയും മനസ്സിനെയും നശിപ്പിക്കുന്ന എല്ലാവിധ ലഹരികളിൽ നിന്ന് മാറി നിൽക്കണമെന്നും, ഏവരും സന്തോഷിക്കുന്ന പെരുന്നാൾ ദിനത്തിൽ നമുക്കുചുറ്റും പ്രയാസപ്പെടുന്ന ആരുമില്ലെന്ന് ഉറപ്പുവരുത്തണമെന്നും, ഗാസ ഉൾപ്പെടെ ഈ സമയത്തും ലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയുടെ ക്ഷേമത്തിനായി ഏവരും പ്രാർഥിക്കണമെന്നും പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തൻ്റെ സന്ദേശത്തിൽ, പാർശ്വവൽക്കരിക്കപ്പെട്ടവരെ ഹൃദയത്തോടു ചേർത്തു മർദിതരോട് ഐക്യപ്പെട്ടു മൈത്രിയുടെ പെരുന്നാൾ ആഘോഷിക്കണമെന്നും, മതബന്ധമായ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലുകളാണ് വേണ്ടതെന്നും, ജാതി, മത, വർഗ, വർണ അതിരുകൾ ഭേദിച്ചു മൈത്രി പുത്തുലയണമെന്നും പറഞ്ഞു. ലഹരി വ്യക്തിയെയും കുടുംബത്തെയും നാടിനെയും രാജ്യത്തെയുമാകെ നശിപ്പിക്കുന്ന കൊടും വിഷമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഖലീൽ ബുഖാരി തങ്ങൾ തൻ്റെ സന്ദേശത്തിൽ, അനുഗൃഹീതമായ നോമ്പിൻ്റെ മാസത്തിൽ നാം പഠിച്ച ക്ഷമ, അനുകമ്പ, ആത്മനിയന്ത്രണം തുടങ്ങിയവയോടൊത്തുള്ള പുതുജീവിതത്തിൻ്റെ തുടക്കമാണു ചെറിയ പെരുന്നാളെന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്നവരിലേക്ക് ആശ്വാസത്തിന്റെറെ കരങ്ങൾ നീളണമെന്നും, പ്രാർഥനകളിൽ അവരെ ഓർക്കേണ്ടതുണ്ടെന്നും പറഞ്ഞു.

കെ. ആലിക്കുട്ടി മുസല്യാർ തൻ്റെ സന്ദേശത്തിൽ, ആത്മാവിന്റെ ശുദ്ധീകരണമാണു റമസാനിൻ്റെ അന്തഃസത്തയെന്നും, ഫിത്തർ സക്കാത്ത് ചെറിയ പെരുന്നാൾ ദിനത്തിലെ പ്രധാന ആരാധനയാണെന്നും, തിന്മയുടെ താക്കോലായ ലഹരിക്കെതിരെ സമുഹത്തെ ഉദ്ബുദ്ധരാക്കിയും ഇവ നിർമാർജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായും സമുഹത്തിൽ മാതൃകയാവാനുള്ള പ്രതിജ്‌ഞാ വേളയാവട്ടെ ചെറിയ പെരുന്നാളെന്നും പറഞ്ഞു.

മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ തൻ്റെ സന്ദേശത്തിൽ, റമസാൻ വ്രതത്തിലൂടെ നേടിയ സഹനവും ആത്മശുദ്ധിയും മനുഷ്യസ്നേഹത്തിനു പ്രേരണയാകണമെന്നും, മനുഷ്യരോടുള്ള ബാധ്യതാനിർവഹണം മതവിശ്വാസത്തിൻ്റെ ജീവാത്മാവാണെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയണമെന്നും, ലഹരി ഉപയോഗത്തിനെതിരെ ശക്‌തമായ ബോധവൽക്കരണം വേണമെന്നും പറഞ്ഞു.

ജിഫ്രി തങ്ങൾ തൻ്റെ സന്ദേശത്തിൽ, വിശുദ്ധ റമസാനിൻ്റെ ആത്മീയ ചൈതന്യത്തെ ജീവിത കർമപഥത്തിൽ പ്രാവർത്തികമാക്കാനുള്ള തയാറെടുപ്പോടു കൂടി പെരുന്നാൾ ആഘോഷം ധന്യമാക്കണമെന്നും, നന്മയുടെ വാഹകരാവുകയും തിന്മയെ പ്രതിരോധിക്കുകയും ചെയ്തു ശിഷ്ടകാല ജീവിതം അർഥപൂർണമാക്കാനുള്ള പ്രതിജ്‌ഞാ വേളകൂടിയാണു പെരുന്നാളെന്നും, ഗാസയിലെ ജനതയ്ക്കുവേണ്ടി മനമുരുകി പ്രാർഥിക്കണമെന്നും പറഞ്ഞു.

കൂട്ടക്കുരുതിക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പലസ്തീനികൾക്കുവേണ്ടി ദൈവത്തിലേക്കു കൈ ഉയർത്താൻ കെഎൻഎം നേതാക്കൾ വിശ്വാസികളെ ആഹ്വാനം ചെയ്‌തു. ഈദ്ഗാഹുകളിൽ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും പറഞ്ഞു. കേരളത്തിന്റെ സാമൂഹിക ഭദ്രത തകർക്കുന്ന ലഹരി മാഫിയയ്ക്കെതിരെ പോരാടാൻ യുവാക്കളെ സജ്‌ജമാക്കണം. ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാടുമെന്നു പ്രതിജ്‌ഞ ചെയ്യണം. രാജ്യത്തു സംഘപരിവാർ ഫാഷിസം വീണ്ടും ക്രൂരമുഖം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും നേതാക്കൾ പ്രവർത്തകരോട് അഭ്യർഥിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!

Muslims in Kerala celebrated Eid al-Fitr after completing Ramadan fasting, with large gatherings at mosques and Eidgahs. Scholars emphasized staying away from drugs and excessive celebrations. Eid prayers in Kasaragod saw solidarity expressed for Palestine and protests against the Waqf Board amendment. Across the state, Eidgahs witnessed anti-drug pledges and calls for social awareness. Leaders urged support for Palestine and a united fight against drug abuse and communalism.

#EidAlFitr #Kerala #MuslimCelebration #AntiDrugCampaign #PalestineSolidarity #ReligiousHarmony

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub