Festival | ദീപാവലി ആഘോഷിക്കാന്‍ ഒരുങ്ങി യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം
● ഇന്ത്യന്‍ നാടോടി നൃത്ത പ്രകടനങ്ങള്‍, ഗെയിമുകള്‍, റൈഡുകള്‍, ആക്റ്റിവിറ്റികള്‍ എന്നിവ സംഘടിപ്പിക്കുന്നു
● രംഗോലി ആര്‍ട്ട് പെയിന്റിംഗ്, പ്രധാന സ്റ്റേജിലെ പ്രകടനങ്ങള്‍, കരിമരുന്ന് പ്രയോഗം എന്നിവയും ഉണ്ട്
ദുബൈ: (KasargodVartha) ദീപാവലി ആഘോഷിക്കാന്‍ ഒരുങ്ങി യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ദീപാവലിയോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന കല സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നഗരത്തിന് സന്തോഷവും വിസ്മയവും പകരുന്നതിനായി ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ് മെന്റ് ദീപാവലി ഇവന്റുകളുടെ കലണ്ടര്‍ തയാറാക്കി.
അല്‍ സീഫിലെയും ഗ്ലോബല്‍ വില്ലേജിലെയും കരിമരുന്ന് പ്രദര്‍ശനങ്ങളും വിളക്കുകള്‍, കലാപരമായ ആവിഷ്‌കാരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ത്രിദിന സാംസ്‌കാരിക മേളയായ നൂര്‍ - ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ് സും കലണ്ടറില്‍ ഉള്‍പ്പെടുന്നു.
ദുബൈയിലെ എത്തിസലാത്ത് അക്കാദമിയില്‍ ഒക്ടോബര്‍ 26-ന് സംഘടിപ്പിക്കുന്ന ദീപാവലി ഉത്സവ് 2024 ല്‍ ഇന്ത്യന്‍ നാടോടി നൃത്ത പ്രകടനങ്ങള്‍, എല്ലാ പ്രായക്കാര്‍ക്കും ഗെയിമുകള്‍, റൈഡുകള്‍, ആക്റ്റിവിറ്റികള്‍ എന്നിങ്ങനെയുള്ള ഒരു ഫണ്‍ഫെയര്‍ തന്നെ അവതരിപ്പിക്കും. രംഗോലി ആര്‍ട്ട് പെയിന്റിംഗ്, പ്രധാന സ്റ്റേജിലെ പ്രകടനങ്ങള്‍, കരിമരുന്ന് പ്രയോഗം എന്നിവ ഉള്‍ക്കൊള്ളുന്ന ദീപാവലി ആഘോഷം ഗ്ലോബല്‍ വില്ലേജില്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ മൂന്നു വരെ നടക്കും.
ഉത്സവ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സാധനങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, ചര്‍മ്മസംരക്ഷണം, കരകൗശലവസ്തുക്കള്‍ എന്നിവ പുള്‍മാന്‍ ദുബൈ ജുമൈറ ലേക്ക്‌സ് ടവേഴ്സ് - ഹോട്ടല്‍ & റെസിഡന്‍സിലെ ദീപാവലി ഫിയസ്റ്റ എക്സിബിഷനില്‍ തയാറാക്കിയിട്ടുണ്ട്. ഷോപ്പര്‍മാര്‍ക്ക് ദീപാവലി ഷോപ്പിംഗ് അനുഭവം ഇതിലൂടെ ആസ്വദിക്കാം.
ഹില്‍ട്ടണ്‍ എം സ്‌ക്വയറിന്റെ ഡബിള്‍ ട്രീ ദീപാവലി എഡിറ്റ് - ഫാഷന്‍ & ലക്ഷ്വറി എക്സിബിഷന്‍ ഒക്ടോബര്‍ 26ന് സംഘടിപ്പിക്കും. ഒക്ടോബര്‍ 25ന് കൊക്കകോള അരീനയില്‍ റൊമേഷ് രംഗനാഥന്റെ പ്രകടനം നടക്കും. നൃത്തം, നാടകം, സംഗീതം എന്നിവ സമന്വയിപ്പിച്ച് ദുബൈ ബ്രിട്ടീഷ് സ്‌കൂളിലെ ജുമൈറ പാര്‍ക്കില്‍ മീര: എക്കോസ് ഓഫ് ലവ് അവതരിപ്പിക്കും. ഇന്ത്യയിലെ തിയേറ്റര്‍ ത്രില്ലര്‍ അശ്വിന്‍ ഗിദ്വാനിയുടെ ബര്‍ഫ് നവംബര്‍ എട്ടിന് സബീല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
#Diwali #Dubai #UAE #IndianCommunity #FestivalOfLights #Celebrations #Culture #Evenst