Budget | 41.63 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് ചെങ്കള ഗ്രാമപഞ്ചായത്ത്; അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നൽ
● കാർഷിക മേഖലയ്ക്ക് 75 ലക്ഷം രൂപ വകയിരുത്തി.
● ദാരിദ്ര്യ ലഘൂകരണത്തിനും പാർപ്പിട നിർമ്മാണത്തിനും നാല് കോടി രൂപ
● അംഗൻവാടികളെ സ്മാർട്ട് ആക്കാൻ 70 ലക്ഷം രൂപയുടെ പദ്ധതി.
● ഹാപ്പിനസ് പാർക്ക് നിർമ്മാണത്തിനായി 35 ലക്ഷം രൂപ അനുവദിച്ചു.
ചെങ്കള: (KasargodVartha) ചെങ്കള ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാശിം അവതരിപ്പിച്ചു. ഭരണസമിതിയുടെ അവസാനത്തെ ബജറ്റിൽ ഭവന നിർമാണം, കാർഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, കായിക വിനോദം, മാലിന്യ നിർമ്മാർജനം, കുടിവെള്ളം തുടങ്ങിയ പ്രധാന മേഖലകൾക്ക് മുൻഗണന നൽകുന്നു. ബജറ്റിൽ 41,63,42,363 വരവും 38,0587,740 രൂപ ചിലവും പ്രതീക്ഷിക്കുന്നു. ഇതിലൂടെ 3,57,54,623 രൂപയുടെ നീക്കിയിരിപ്പ് പഞ്ചായത്ത് ലക്ഷ്യമിടുന്നു.
കാർഷിക മേഖലയുടെ വളർച്ചയ്ക്കായി ഈ വർഷം 75 ലക്ഷം രൂപ ചെലവഴിക്കും. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി പശു വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് കാലിത്തീറ്റ വിതരണം, ധാതു ലവണ മിശ്രിതം, വിരമരുന്ന് തുടങ്ങിയ പദ്ധതികൾക്കായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് 60 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണത്തിനും പാർപ്പിടം നിർമ്മിക്കുന്നതിനും നാല് കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്കായി 50 ലക്ഷം രൂപയും അംഗൻവാടികളെ സ്മാർട്ട് ആക്കുന്നതിന് 70 ലക്ഷം രൂപയും പോഷകാഹാര വിതരണത്തിനായി ഒരു കോടി പത്ത് ലക്ഷം രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് 36 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി 25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും ജനങ്ങളുടെ മാനസികാരോഗ്യത്തിനും കായികക്ഷമതയ്ക്കുമായി ഹാപ്പിനസ് പാർക്ക് നിർമ്മിക്കുന്നതിന് 35 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
വനിതാ ഘടക പദ്ധതികൾക്കായി 35 ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 6 കോടി 25 ലക്ഷം രൂപയും സ്ത്രീകൾക്ക് മാത്രമായി നടപ്പാക്കുന്ന മെൻസ്ട്രൽ കപ്പ് പദ്ധതിക്ക് 20 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ അധ്യക്ഷത വഹിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Chengala Grama Panchayat has presented a budget of 41.63 crore for the 2025-26 fiscal year, focusing on infrastructure development and key sectors like agriculture and health.
#ChengalaBudget, #InfrastructureDevelopment, #KasaragodNews, #Agriculture, #Health, #PanchayatBudget