Drug Seizure | കാസർകോട്ട് മയക്കുമരുന്ന് വേട്ട തുടരുന്നു; വ്യത്യസ്ത സംഭവങ്ങളിലായി എംഡിഎംഎയും കഞ്ചാവുമായും 2 പേർ അറസ്റ്റിൽ
● നീലേശ്വരത്ത് 19.56 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
● ചെറുവത്തൂരിൽ 700 ഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശിയും പൊലീസ് പിടിയിലായി.
● രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.
കാസർകോട്: (KasargodVartha) ജില്ലയിൽ മയക്കുമരുന്ന് വേട്ട ശക്തമായി തുടരുന്നു. നീലേശ്വരത്തും ചെറുവത്തൂരിലുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരത്ത് 19.56 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും ചെറുവത്തൂരിൽ 700 ഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശിയെയുമാണ് പൊലീസ് പിടികൂടിയത്. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂമൻ വിഷ്ണു (26), ഒറീസ സ്വദേശിയായ പത്മലോചൻ ഗിരി (42) എന്നിവരാണ് അറസ്റ്റിലായത്.
കൂമൻ വിഷ്ണുവിനെ 19.56 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. എസ്ഐമാരായ അരുൺ മോഹൻ, കെ വി രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പൊലീസും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. ഡിവൈഎസ്പിയുടെ സ്ക്വാഡിലെ എസ് ഐ അബൂബക്കർ കല്ലായി, സജീഷ്, നിഖിൽ, നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ദിലീഷ് പള്ളിക്കൈ, രമേശൻ, മഹേഷ്, സഞ്ജിത്ത്, അജിത്ത് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.
അതേസമയം, ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചന്തേര പൊലീസ് നടത്തിയ നൈറ്റ് പട്രോളിംഗിനിടെയാണ് ചെറുവത്തൂരിൽ ഒറീസ സ്വദേശി പിടിയിലായത്. മടക്കര ഭാഗത്ത് അടിപിടി നടക്കുന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ, മടക്കര പാലത്തിന് സമീപം സംശയാസ്പദമായ രീതിയിൽ കവറുമായി നിൽക്കുകയായിരുന്ന ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ പിന്തുടർന്ന് പിടികൂടി കവർ പരിശോധിച്ചപ്പോഴാണ് 700 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ ഇയാൾ കഞ്ചാവ് വിൽപ്പനക്കാരനാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്‌പെക്ടർ എം പ്രശാന്തിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെകർ സതീഷ് കെ പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജിത്ത്, ശ്രീജിത്ത്, സുധീഷ്, ഡ്രൈവർ എ എസ് ഐ സുരേഷ് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
Two arrested in Kasaragod for drug possession. One with 19.56 grams of MDMA in Nileshwaram, and an Orissa native with 700 grams of ganja in Cheruvathur.
#KasaragodDrugs, #MDMASeizure, #GanjaArrest, #KeralaPolice, #DrugHunt, #CrimeNews