Victory | 47 പന്തിൽ 92 റൺസ്; കൊടുങ്കാറ്റായി അസ്ഹറുദ്ദീൻ; കേരള ക്രികറ്റ് ലീഗിലെ ആദ്യജയം സ്വന്തമാക്കി ആലപ്പി റിപ്പിൾസ്
റിപ്പിൾസ് 18.3 ഓവറിൽ അഞ്ച് വികറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
തിരുവനന്തപുരം: (KasargodVartha) കേരളത്തിന്റെ സ്വന്തം ക്രികറ്റ് പൂരം കേരള ക്രികറ്റ് ലീഗിൽ ആദ്യജയം സ്വന്തമാക്കി ആലപ്പി റിപ്പിൾസ്. തൃശൂർ ടൈറ്റൻസിനെ അഞ്ച് വികറ്റിനാണ് പരാജയപ്പെടുത്തിയത്. റിപ്പിൾസിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചത് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ പ്രകടനമാണ്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ എട്ട് വികറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 18.3 ഓവറിൽ അഞ്ച് വികറ്റ് നഷ്ടത്തിൽ റിപ്പിൾസ് വിജയലക്ഷ്യം മറികടന്നു.
അസ്ഹർ 47 പന്തിൽ 92 റൺസാണ് നേടിയത്. ഒമ്പത് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. വിനൂപ് 27 പന്തിൽ നിന്ന് 30 റൺസ് നേടി. ഇരുവരും ചേർന്ന് നേടിയ 84 റൺസിന്റെ കൂട്ടുകെട്ട് നിർണായകമായി.
തൃശൂറിനായി അക്ഷയ് മനോഹർ 57 റൺസും വിഷ്ണു വിനോദ് 22 ഉം, അഹ്‌മദ് ഇമ്രാൻ 23 ഉം, ക്യാപ്റ്റൻ അർജുൻ വേണുഗോപാൽ 20 ഉം റൺസ് നേടി. തളങ്കര സ്വദേശിയയായ അസ്ഹറുദ്ദീന്റെ ഉജ്വല പ്രകടനം കാസര്കോടിനും അഭിമാനമായി.
തിങ്കളാഴ്ച രാത്രി 7.45ന് ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. തുടർന്നുള്ള ദിവസങ്ങളിൽ പകൽ 2.30നും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ. 17ന് സെമിയും 18ന് വൈകിട്ട് 6.45ന് ഫൈനലും നടക്കും. ജേതാക്കൾക്ക് 30 ലക്ഷം രൂപയാണ് സമ്മാനം.