കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും നിപ; വാളയാര്‍ അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി, വാഹനങ്ങളില്‍ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല
ചെന്നൈ: (www.kasargodvartha.com 06.09.2021) വാളയാര്‍ അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണം ശക്തമാക്കി തമിഴ്‌നാട്. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതോടെയാണ് നടപടി. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ തമിഴ്നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ജി എസ് സമീരന്‍ അറിയിച്ചു. അതിര്‍ത്തിയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ പരിശോധനയ്ക്കായി നിയോഗിച്ചു.
അതിര്‍ത്തി കടക്കുന്ന വാഹനങ്ങളില്‍ നിന്നും അനാവശ്യമായി യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം കേരളത്തിന് പുറമെ തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലുള്ള ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്കാണ് രോഗബാധയെന്നും കലക്ടര്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ത്തു. 188 ആയിരുന്ന സമ്പര്‍ക്ക പട്ടിക ഇപ്പോള്‍ 251 പേരായി. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 32 പേരില്‍ എട്ടുപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Keywords: Chennai, News, National, Top-Headlines, health, District Collector, Tamil Nadu tightens traffic restrictions on Walayar border