ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപറില്ലാതെ ബജറ്റ്; നിര്‍മലയുടെ ഡിജിറ്റല്‍ 'ടാബ്' ബജറ്റ്; പ്രത്യേക ആപും സജ്ജം
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2021) ഇക്കുറി കേന്ദ്ര ബജറ്റ് പേപര്‍രഹിതം. ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്രസര്‍കാര്‍ പേപര്‍രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ ബജറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബജറ്റ് വിതരണം ഡിജിറ്റലാക്കിയത്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ദേശീയമുദ്ര ആലേഖനം ചെയ്ത ചുവന്ന പട്ടില്‍ പൊതിഞ്ഞ ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. ഇതിനു യോജിക്കുന്ന ക്രീമും ചുവപ്പും കലര്‍ന്ന സാരിയാണ് നിര്‍മല ധരിച്ചിരിക്കുന്നത്. ബജറ്റ് കടലാസുരഹിതമാക്കി കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറ്റ് ഡിജിറ്റലാക്കി, ബജറ്റവതരണത്തിന് ടാബുമായി ധനമന്ത്രി ലോക്‌സഭയിലേക്ക് എത്തുന്നത്.
2019ല്‍ പരമ്പരാഗത ബ്രീഫ്കെയ്സ് ഒഴിവാക്കിയ നിര്‍മല ചുവന്ന പട്ടില്‍ പൊതിഞ്ഞാണു ബജറ്റ് രേഖകള്‍ കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷവും അതേ രീതി പിന്തുടര്‍ന്നു. ബ്രിടീഷ് രീതി മാറ്റാനുള്ള സമയമായെന്നും നിര്‍മല പ്രതികരിച്ചിരുന്നു.
കോവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി പേപര്‍രഹിത ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിതെന്നും അധികൃതര്‍ വിശദീകരിക്കുന്നത്. ബജറ്റ് രേഖകള്‍ എളുപ്പത്തില്‍ ലഭിക്കാനായി ഇക്കുറി 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപും' ധനമന്ത്രി സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ തന്നെ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പം നിര്‍മ്മല സീതാരാമന്‍ ബജറ്റവതരണത്തിനായി ധനമന്ത്രായത്തിലെത്തിയിട്ടുണ്ട്. 11 മണിക്കാണ് ബജറ്റ് തുടങ്ങും.