നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും തമിഴില്‍; 'തമിഴരശന്‍' ഡിസംബറില്‍ തീയേറ്ററുകളിലേക്ക്
ചെന്നൈ: (www.kasargodvartha.com 06.12.2021) നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ സുരേഷ് ഗോപി 'തമിഴരശന്‍' എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് മടങ്ങിയെത്തുന്നു. തമിഴ് നായകന്‍ വിജയ് ആന്റണി നായകനായി എത്തുന്ന ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. തമിഴ് ചിത്രമായ തമിഴരശന്റെയും ഡബ്ബിങ് ആരംഭിച്ചിരിക്കുകയാണെന്ന വിശേഷം സുരേഷ് ഗോപി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
'തമ്പാന്‍ 'തമിഴരശന്‍' ഡബ്ബിങ് ചെയ്യുന്നു! എന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ 'തമിഴരശന്‍' ഡബ്ബിംഗ് തുടരുന്നു. ഈ ഡിസംബറില്‍ സിനിമ റിലീസ് ചെയ്യും!' എന്ന് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചു. ചിത്രത്തില്‍ രമ്യാ നമ്പീശനാണ് നായികയായി എത്തുന്നത്.
ആക്ഷന്‍ എന്റര്‍ടെയിനര്‍ ആയൊരുക്കുന്ന ചിത്രം ബാബു യോഗ്വേശരനാണ് 'തമിഴരശന്‍' ഒരുക്കുന്നത്. ആര്‍ ഡി രാജശേഖരാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. എസ്എന്‍എസ് മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം.
2015ല്‍ പുറത്തിറങ്ങിയ, സുരേഷ് ഗോപി മുന്‍പ് അഭിനയിച്ച വിക്രം ചിത്രം 'ഐ'യിലും സുരേഷ് ഗോപി ഡോക്ടറുടെ വേഷത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഈ കഥാപാത്രവും വില്ലന്‍ കഥാപാത്രമായിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് ഇത്.
Keywords: Chennai, News, National, Top-Headlines, Actor, Suresh Gopi, Dubbing, Vijay Antony, Theater, Suresh Gopi dubs for Vijay Antony's 'Tamilarasan'