city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വന്തം പെയിന്റിംഗ് രാഷ്ട്രപതിക്ക് നേരിട്ട് കൈമാറാന്‍ അപൂര്‍വ ഭാഗ്യം; ഹവില്‍ദാര്‍ സുഭാഷിന് ഇത് ജന്മസാഫല്യം

ഉദിനൂര്‍: (www.kasargodvartha.com 22/12/2015) തന്റെ സ്വന്തം ക്യാന്‍വാസില്‍ ഓയില്‍ പെയിന്റില്‍ ചാലിച്ച രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മനോഹരമായ ചിത്രം അദ്ദേഹത്തിന് നേരിട്ട് കൈമാറാന്‍ അപൂര്‍വ ഭാഗ്യം ലഭിച്ച മലയാളി ഹവില്‍ദാര്‍ ഉദിനൂര്‍ കിനാത്തിലെ എം.വി സുഭാഷിന് ഇത് ജന്മസാഫല്യം. തിരക്കേറിയ ഇന്ത്യന്‍ ആര്‍മിയിലെ ജോലിക്കിടയിലും ചിത്രകാരന്‍ എന്ന നിലയില്‍ നിരവധി ബഹുമതിക്ക് അര്‍ഹനായിട്ടുള്ള സുഭാഷ് 14 ദിവസം എടുത്ത് ഓയില്‍ പെയിന്റ് കൊണ്ട് വരച്ചെടുത്തതാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ ബഹുവര്‍ണ ചിത്രം.

സെക്കന്തരാബാദില്‍ നടന്ന ചടങ്ങില്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ചിത്രകാരന്‍ തന്നെ നേരിട്ട് പെയിന്റിംഗ് കൈമാറുകയായിരുന്നു. ഒരു വ്യത്യാസവുമില്ലാതെ മുഖത്തെ ഭാവങ്ങള്‍ പോലും വിടാതെയുള്ള മനോഹരമായ തന്റെ സ്വന്തം രൂപം അതുപോലെ ക്യാന്‍വാസില്‍ ഒരുക്കിയ പെയിന്റിംഗ് അദ്ദേഹം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ചിത്രകാരന്‍ സുഭാഷിനെ അടുത്ത് വിളിച്ച് പ്രത്യേകം അഭിനന്ദിച്ച രാഷ്ട്രപതി, തന്റെ ചിത്രം രാഷ്ട്രപതി ഭവനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

സെക്കന്തരാബാദിലെ മിലിട്ടറി കോളജ് ഓഫ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ നടന്ന 88 -ാമത് ബിരുദദാന ചടങ്ങില്‍ വെച്ചാണ് രാഷ്ട്രപതിക്ക് നേരിട്ട് അദ്ദേഹത്തിന്റെ തന്നെ പെയിന്റിംഗ് സമ്മാനിക്കാന്‍ സുഭാഷിന് അവസരം ലഭിച്ചത്. പെയിന്റിംഗ് ചെയ്തു രാഷ്ട്രപതിക്ക് സമ്മാനിക്കാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഗുരുമുഖ് സിംഗ് അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് സുഭാഷ് വരച്ചു തുടങ്ങിയത് .

1996 ല്‍ ക്രാഫ്റ്റ്മാനായി സെക്കന്തരാബാദില്‍ പരിശീലനം പൂര്‍ത്തിയാക്കി ആര്‍മിയില്‍ ജോലിക്ക് കയറിയ സുഭാഷിന് ഒഴിവു സമയങ്ങളില്‍ ചിത്രം വര തന്നെയായിരുന്നു ഹോബി. നാട്ടിലായാലും ജോലി സ്ഥലത്തായാലും ഇതിനു മാറ്റമില്ലായിരുന്നു. നിരവധി ഉന്നത മിലിട്ടറി ഉദ്യോഗസ്ഥരുടെ പെയിന്റിംഗ് നടത്തി ഇതിനകം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

സെക്കന്തരാബാദിലെ ഇന്ത്യന്‍ ആര്‍മിയുടെ കേന്ദ്ര ഓഫീസില്‍ സുഭാഷ് ചിത്രീകരിച്ച മനോഹരമായ യുദ്ധരംഗം അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രകാശനം ചെയ്തത്. ഡല്‍ഹിയിലുള്ള ആര്‍മി ഹെഡ് ക്വാര്‍ട്ടേര്‍സിലെ നാലു മീറ്റര്‍ ക്യാന്‍വാസിലുള്ള ഭഗവത് ഗീതയുടെ പെയിന്റിംഗ് ചെയ്തിട്ടുണ്ട്. ആര്‍മി ചീഫ് ദീപക് കപൂര്‍, ലഫ്റ്റനന്റ്് ജനറല്‍മാരായ വി.കെ ബീര്‍, രാജേഷ് കൊച്ചര്‍, പരംജിത്ത് സിംഗ്, ടക്കര്‍ സിംഗ് എന്നിവരുടെയും മനോഹരമായ ഛായാ ചിത്രം വരച്ചു നല്‍കി അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്.

ആര്‍മിയിലെ പെയിന്റിംഗ് കഴിവിനുള്ള അംഗീകാരമായി മൂന്നു തവണ ആര്‍മി ചീഫിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്മാരുടെ എല്ലാവിധ പ്രോത്സാഹനവും ചിത്രകാരന് ലഭിച്ചു. നാട്ടിലായിരിക്കുമ്പോള്‍ സിനിമാതാരങ്ങളുടെയും മറ്റു പ്രമുഖരുടെയും ഒറിജിനല്‍ പടങ്ങളെ വെല്ലുന്ന പെയിന്റിംഗ് ചെയ്തിട്ടുണ്ട്. വീടിന്റെ ചുമരുകളിലും സുഭാഷിന്റെ നിരവധി പെയിന്റിംഗുകള്‍ തൂങ്ങുന്നുണ്ട്.

രാഷ്ട്രപതിയുടെ ചിത്രം വരച്ചു നേരിട്ട് കൈമാറാന്‍ കഴിഞ്ഞത് തന്റെ മിലിട്ടറി ജീവിതതത്തിലെ അപൂര്‍വ സൗഭാഗ്യമായി കരുതുകയാണ് സുഭാഷ്. ഉദിനൂര്‍ കിനാത്തിലെ പരേതനായ കെ.വി കോരന്‍, എം.വി കല്ല്യാണി ദമ്പതികളുടെ മകനാണ്. ഷൈമോള്‍ ആണ് ഭാര്യ. ഏകമകന്‍ അഭിനവ്.

സ്വന്തം പെയിന്റിംഗ് രാഷ്ട്രപതിക്ക് നേരിട്ട് കൈമാറാന്‍ അപൂര്‍വ ഭാഗ്യം; ഹവില്‍ദാര്‍ സുഭാഷിന് ഇത് ജന്മസാഫല്യം
സ്വന്തം പെയിന്റിംഗ് രാഷ്ട്രപതിക്ക് നേരിട്ട് കൈമാറാന്‍ അപൂര്‍വ ഭാഗ്യം; ഹവില്‍ദാര്‍ സുഭാഷിന് ഇത് ജന്മസാഫല്യം

Keywords : National, Udinoor, Photo, Indian President, Pranab Mukherjee, M.V Subash, Painting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia