Road Safety | റോഡപകടങ്ങൾ: 'ഗോൾഡൻ ഹവർ' ചികിത്സയ്ക്ക് പണം വേണ്ട; നിർണായക നിർദേശവുമായി സുപ്രീംകോടതി
● അപകടത്തിന് ശേഷം വൈദ്യ ചികിത്സ ഏറ്റവും ഫലപ്രദമായ ആദ്യത്തെ 60 മിനിറ്റാണ് 'ഗോൾഡൻ ഹവർ'.
● പദ്ധതി തയ്യാറാക്കി മാർച്ച് 14നകം വിജ്ഞാപനം ചെയ്യണമെന്നും സുപ്രീംകോടതിയുടെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.
● 1988 മോട്ടോർ വാഹന നിയമം പ്രകാരം അടിയന്തര ചികിത്സ നടത്തണം.
ന്യൂഡൽഹി: (KasargodVartha) വാഹനാപകടത്തിൽപെടുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള നിർണായക മണിക്കൂറിൽ (ഗോൾഡൻ ഹവർ) പണരഹിത ചികിത്സ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം. ഇതിനായി പദ്ധതി തയ്യാറാക്കി മാർച്ച് 14നകം വിജ്ഞാപനം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. വാഹനാപകടങ്ങളിൽ പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് പണം ഇല്ലാത്തതിനാൽ ചികിത്സാനിഷേധം അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
അപകടത്തിൽപ്പെട്ടവർക്ക് ഉടനടി വൈദ്യസഹായം ഉറപ്പാക്കുന്നതിന് 1988ലെ മോട്ടോർ വാഹന നിയമത്തിലെ (എം.വി ആക്ട് സെക്ഷൻ 162) പ്രകാരം അടിയന്തരമായി പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്. ഇത് ഭരണഘടന അനുച്ഛേദം 21 ഉറപ്പു നൽകുന്ന 'ജീവിക്കാനുള്ള അവകാശം' ഉയർത്തിപ്പിടിക്കുന്നത് മാത്രമല്ല, കേന്ദ്രസർക്കാറിന്റെ നിയമപരമായ ബാധ്യത കൂടിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അപകടത്തിന് ശേഷം വൈദ്യ ചികിത്സ ഏറ്റവും ഫലപ്രദമായ ആദ്യത്തെ 60 മിനിറ്റാണ് 'ഗോൾഡൻ ഹവർ'. ഇത് ആശുപത്രികൾ എങ്ങിനെ നടപ്പിലാക്കുമെന്നതിൽ അനിശ്ചിതത്വമുണ്ട്. സർക്കാർ ഇതിനായി വ്യക്തത വരുത്തേണ്ടതുമുണ്ട്.
അതിനിടെ അപകടം നടന്ന 24 മണിക്കൂറിനുള്ളിൽ പോലീസിനെ വിവരമറിയിച്ചാൽ ഇരയുടെ ഏഴു ദിവസത്തെ ചികിത്സാ ചെലവ്, അല്ലെങ്കിൽ പരമാവധി 15 ലക്ഷം രൂപ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വാഹനമിടിച്ചു മരിച്ചാൽ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നും, മാർച്ച് മാസത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
#RoadSafety, #GoldenHour, #SupremeCourt, #EmergencyTreatment, #AccidentVictims, #LegalDirective