Advisory for Schools | ഉഷ്ണതരംഗ മുന്നറിയിപ്പ്: സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്താനും യൂനിഫോം മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനും സര്‍കാരിന്റെ നിര്‍ദേശം
ന്യൂഡെല്‍ഹി: (www.kasargodvartha.com) വെള്ളിയാഴ്ച മുതല്‍ ഡെല്‍ഹിയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്താനും യൂനിഫോം മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനും ക്ലാസിന് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂളുകള്‍ നേരത്തെ ആരംഭിച്ച് ഉച്ചയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.
'സ്‌കൂള്‍ സമയം രാവിലെ ഏഴ് മണി മുതലായിരിക്കാം. സ്‌കൂള്‍ സമയവും ചുരുക്കാം. സൂര്യപ്രകാരം നേരിട്ട് ഏല്‍ക്കുന്ന കായിക വിനോദങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഉചിതമായ രീതിയില്‍ ക്രമീകരിക്കാം. ' മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അസംബ്ലി സ്‌കൂളിനുള്ളിലെ ഓഡിറ്റോറിയം പോലുള്ള ഏതെങ്കിലും സ്ഥലങ്ങളിലോ ക്ലാസ് മുറികളിലോ നടത്തണം. സ്‌കൂള്‍ അവസാനിച്ചതിന് ശേഷം പിരിഞ്ഞുപോകുമ്പോള്‍ സമാനമായ ശ്രദ്ധയുണ്ടാകണമെന്നും പറയുന്നു.
ഗതാഗതം
സ്‌കൂളിലേക്കും തിരിച്ചുമുള്ള ഗതാഗതത്തിനായി ബസുകളിലും വാനുകളിലും തിരക്ക് കൂടരുതെന്നും തണലുള്ള സ്ഥലങ്ങളില്‍ പാര്‍ക് ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വാഹനത്തില്‍ കുടിവെള്ളവും ഫസ്റ്റ് എയ്ഡ് കിറ്റും ഉണ്ടായിരിക്കണം, സ്‌കൂളിലേക്ക് നടക്കുകയോ സൈകിളില്‍ പോകുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ തല മറച്ച് സൂക്ഷിക്കാന്‍ നിര്‍ദേശിക്കണമെന്നും കുട്ടികള്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കാന്‍ പൊതുഗതാഗത സംവിധാനം ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
യൂനിഫോം
വിദ്യാര്‍ഥികളെ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കാമെന്നും തുകല്‍ ഷൂകള്‍ക്ക് പകരം ക്യാന്‍വാസ് ഷൂസ് അനുവദിക്കാമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഫുള്‍സ്ലീവ് ഷര്‍ടുകള്‍ ധരിക്കണമെന്നും മന്ത്രാലയം ഉപദേശിച്ചു.
ആഹാരം
ചൂട് കാരണം ഭക്ഷണം കേടാകാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ടിഫിന്‍ കൊണ്ടുപോകരുതെന്ന് നിര്‍ദേശിക്കുന്നു. പകരം പ്രധാനമന്ത്രി (പിഎം) പോഷന്റെ കീഴില്‍ ചൂടോടെ പാകം ചെയ്ത ഭക്ഷണം നല്‍കണമെന്നും പറയുന്നു.
പ്രഥമശുശ്രൂഷയെക്കുറിച്ച് അറിവുള്ള അധ്യാപക-അനധ്യാപക ജീവനക്കാരും വേണം. നിര്‍ജലീകരണത്തിനുള്ള മാര്‍ഗങ്ങളും (ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷന്‍സ്) അത്യാവശ്യ മെഡികല്‍ കിറ്റുകളും സ്‌കൂളുകളില്‍ സജ്ജീകരിക്കാനും ഉപദേശം ആവശ്യപ്പെട്ടു. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നല്‍കുന്ന ഭക്ഷണത്തില്‍ നാരങ്ങ, മോര്, ഉയര്‍ന്ന ജലാംശമുള്ള സീസണല്‍ പഴങ്ങള്‍ എന്നിവ ഉള്‍പെടുത്തണമെന്ന് ഉപദേശകന്‍ പറഞ്ഞു.
ക്ലാസ് മുറി
സ്‌കൂളുകള്‍ ശരിയായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കണം, കൂടാതെ സൂര്യപ്രകാശം നേരിട്ട് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുന്നത് തടയണം.
'കര്‍ടനുകള്‍, മുള/ചണക്കഷണങ്ങള്‍' എന്നിവ ഉപയോഗിക്കുന്ന പ്രാദേശിക പരമ്പരാഗത രീതികള്‍ സ്‌കൂളുകള്‍ പിന്തുടരുകയാണെങ്കില്‍ തുടരാം. റസിഡന്‍ഷ്യല്‍ സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം, ഡോര്‍മിറ്ററികളിലെ ജനാലകള്‍ക്ക് കര്‍ടനുകള്‍ ഉണ്ടായിരിക്കണം, കൂടാതെ കാംപസില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരന്തരമായ ലഭ്യത ഉറപ്പാക്കണം.
പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ സുതാര്യമായ വാടര്‍ ബോടിലുകള്‍ കൊണ്ടുവരണമെന്നും കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും പറയുന്നു. പരീക്ഷാ ഹോളുകളില്‍ ഫാനുകള്‍ നല്‍കാമെന്നും കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കുടിവെള്ളം വേണമെന്നും പറയുന്നു.
ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ജലാംശം നിലനിര്‍ത്താന്‍ ഒആര്‍എസ്, ലസ്സി, തോരണി (അരിവെള്ളം), നാരങ്ങാവെള്ളം മുതലായവ കഴിക്കണമെന്നും മന്ത്രാലയം വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. കട്ടിയുള്ള / ജങ്ക് / പഴകിയ / എരിവുള്ള ഭക്ഷണം കഴിക്കുകയോ ആഹാരം കഴിക്കാതെ പുറത്തിറങ്ങുകയോ ചെയ്യരുതെന്നും പറയുന്നു.
Keywords: News, Back-To-School, Top-Headlines, Education, Students, Government, School, New Delhi, National, Relax Timings, Allow Light Clothes: Govt's Advisory for Schools Amid Heatwave Warning.