Nimishapriya | നിമിഷപ്രിയയുടെ മോചനം: മരിച്ച തലാലിന്റെ കുടുംബം ചര്‍ചയ്ക്ക് തയ്യാറെന്ന് യെമന്‍ അധികൃതര്‍; ബ്ലഡ്മണിയായി ആവശ്യപ്പെട്ടത് 50 മില്യന്‍ യെമന്‍ റിയാലെന്ന് റിപോര്‍ട്
Apr 22, 2022, 12:59 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ദയാധനത്തിനായുള്ള ചര്‍ചയ്ക്ക് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ചയ്ക്ക് തയ്യാറെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു. ബ്ലഡ്മണിയായി 50 മില്യന്‍ യെമന്‍ റിയാല്‍ (92,000 ഡോളര്‍) ചോദിച്ചെന്നാണ് റിപോര്‍ട്. ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും ഇത്.
10 മില്യന്‍ യെമന്‍ റിയാല്‍ കോടതി ചെലവും പെനാല്‍റ്റിയും നല്‍കണം. റമസാന്‍ അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്നും യെമന്‍ അധികൃതര്‍ അറിയിച്ചു. യെമനിലെ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയുമായി ദയാധനം സംബന്ധിച്ച ചര്‍ചകള്‍ നടത്തിയെന്നാണ് വിവരം.
ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ചകള്‍ നടത്തിവരികയാണ്. നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നത ദൗത്യസംഘത്തെ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗന്‍സില്‍ നിയോഗിച്ചിരുന്നു. നിമിഷപ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പെടെയാണ് സുപ്രീം കോടതി റിടയേഡ് ജഡ്ജി ഏകോപിപ്പിക്കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ചകള്‍ക്കും അദ്ദേഹമാണ് മധ്യസ്ഥം വഹിക്കുന്നത്.
നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗന്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗന്‍സിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.
യെമനിലേക്ക് പോകാനുള്ള കേന്ദ്രസര്‍കാര്‍ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗന്‍സില്‍. നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യെമനിലേക്ക് പോകാന്‍ തീരുമാനിച്ചത്.
മനഃപൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം നിമിഷ അമ്മയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. അമ്മയും മകളും അടക്കമുള്ള സംഘത്തെ എത്രയും വേഗം യെമനിലെത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗന്‍സില്‍.
നേരത്തെ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈകോടതിയും ശരിവച്ചതോടെ മോചന സാധ്യത മങ്ങിയിരുന്നു. മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമാണ് മോചനം സാധ്യമാകുന്നത്. ഇതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
2017 ജൂലൈ 25 നാണ് സംഭവം. നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്‌പോര്‍ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.