മഞ്ഞുമല ദുരന്തം; 150 ഓളം പേര്‍ മരിച്ചതായി സംശയം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡെറാഡൂണ്‍: (www.kasargodvartha.com 07.02.2021) ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ വന്‍മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തില്‍ 150 ഓളം പേര്‍ മരിച്ചതായി സംശയം. ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയതിനു പിന്നാലെയാണു വെള്ളപ്പൊക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. 100-150 പേരെ കാണാനില്ലെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് സ്ഥിരീകരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് 600 സൈനികരും ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് ട്രൂപ്പുകളും സ്ഥലത്തെത്തി. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. മിന്നല്‍ പ്രളയത്തിനുള്ള സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സംഭവത്തെ തുടര്‍ന്ന് ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും മിര്‍സപുരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. കുടങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധപ്പെടുവാനായി സര്‍കാര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ തുറന്നു: 1070 or 9557444486
Keywords: News, National, Top-Headlines, Death, Missing, Minister, Government, Nearly 150 people feared killed in flash floods in Uttarakhand Chamoli