LPG Price Hike | വില കയറ്റത്തില്‍ നെട്ടോട്ടമോടുന്ന സാധാരണക്കാരന് ഇരുട്ടടി: ഈ മാസം 2-ാം തവണയും പാചകവാതക വില കൂട്ടി; ഗാര്‍ഹിക പാചക ഗ്യാസ് വില സിലിന്‍ഡറിന് 3.50 രൂപയും വാണിജ്യ സിലിന്‍ഡറിന്റെ വില 8 രൂപയും വര്‍ധിപ്പിച്ചു
May 19, 2022, 09:50 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിന്‍ഡറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക പാചക ഗ്യാസ് വില സിലിന്‍ഡറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഡെല്‍ഹിയില്‍ വില 1000 തൊട്ടു. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്.
വ്യാഴാഴ്ച തൊട്ട് 14.2 കിലോ എല്‍പിജി സിലിന്‍ഡറുകളുടെ വില ഡെല്‍ഹിയില്‍ 1003, മുംബൈ 1002, കൊല്‍കത്ത 1029, ചെന്നൈ 1018.5, തിരുവനന്തപുരം 1012 എന്നിങ്ങനെയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വില 1000 ത്തില്‍ എത്തി.
ഈ മാസം ഏഴിന് വീട്ടാവശ്യത്തിനുള്ള സിലിന്‍ഡറുകള്‍ക്ക് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. അതിനു പിറകെയാണ് വീണ്ടും വര്‍ധന.
കൂടാതെ, വാണിജ്യ സിലിന്‍ഡറിനും എട്ട് രൂപ വര്‍ധിപ്പിച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിന്‍ഡറിന് ദേശീയ തലസ്ഥാനത്ത് 2354 രൂപയായി. കൊല്‍കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 2454, 2306, 2507 എന്നിങ്ങനെയാണ് പുതിയ നിരക്ക്.
മെയ് ഒന്നു മുതല്‍ വാണിജ്യ സിലിന്‍ഡറുകള്‍ക്ക് 102.50 രൂപ വര്‍ധിപ്പിച്ചിരുന്നു. 19 കിലോ വാണിജ്യ എല്‍പിജി സിലിന്‍ഡറുകള്‍ക്ക് 2355.50 രൂപയായി ഉയര്‍ന്നു.
വാണിജ്യ സിലിന്‍ഡറുകളുടെ വില വര്‍ധന കമ്യൂനിറ്റി കിചണുകളുടേയും, ഹോടെലുകളുടേയും മറ്റും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. കൂടാതെ പണപ്പെരുപ്പം വീണ്ടും കുതിക്കാനും വഴിവയ്ക്കും.