Protest | 'വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയ്ക്ക് സംസാരിക്കാൻ അവസരം നൽകിയില്ല; ജില്ലാ പഞ്ചായത് പ്രസിഡന്റിനും നഗരസഭാ ചെയർമാനും വേദിയിൽ ഇരിപ്പിടമില്ല'; പ്രതിഷേധിച്ച് ജനപ്രതിനിധികൾ; വിവാദം ബോധപൂർവമെന്ന് പി കെ കൃഷ്‌ണദാസ്
Sep 24, 2023, 19:15 IST
കാസർകോട്: (www.kasargodvartha.com) കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന്റെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങിൽ മതിയായ പരിഗണന നൽകിയില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച് യുഡിഎഫ്, എൽഡിഎഫ് ജനപ്രതിനിധികൾ. ചടങ്ങിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി, നഗരസഭാ ചെയർമാൻ വി എം മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്നാണ് പരാതി.
പരിപാടിക്കെത്തിയ ഡിവിഷൻ റെയിൽവേ മാനജർ അരുൺകുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിച്ചു. വനിതാസംവരണ ബിൽ ലോക്‌സഭ പാസാക്കിയിട്ടും സ്‌ത്രീകളെ വേദിയിൽ കയറ്റാൻപോലും തയ്യാറാകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി പറഞ്ഞു.
അതേസമയം, ശ്രേഷ്ഠമായ ചടങ്ങിനെ വിവാദങ്ങൾ അഴിച്ചുവിട്ട് മലിനമാക്കാൻ ശ്രമിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിജെപി നേതാവും ഇൻഡ്യൻ റെയിൽവേയുടെ പാസൻജർ അമിനിറ്റീസ് കമിറ്റി ചെയർമാനുമായ പി കെ കൃഷ്‌ണദാസ് പ്രതികരിച്ചു. ഒന്നാം വന്ദേ ഭാരത് ട്രെയിനിൽ ആദ്യ ഓട്ട ദിവസം തന്നെ ഫോടോ ഒട്ടിച്ച് മലിനമാക്കാൻ ശ്രമിച്ച യുഡിഎഫ് എംപിയുടേതിന് സമാനമായ നടപടിയാണ് കാസർകോട് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോധപൂർവമാണ് വിവാദം ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി ഉദ്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ എംഎൽഎയ്ക്ക് സംസാരിക്കാൻ അനുവാദമില്ലെന്ന് റെയിൽവേ അധികൃതർ നേരത്തെ അറിയിച്ചിരുന്നതായും പി കെ കൃഷ്‌ണദാസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈനായാണ് ഫ്‌ലാഗ് ഓഫ് നിർവഹിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരുക്കിയ ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക - റെയിൽവേ മന്ത്രി വി അബ്ദുർ റഹ്‌മാൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭ അധ്യക്ഷൻ വി എം മുനീർ, പാലക്കാട് ഡിആർഎം അരുൺകുമാർ ചതുർവേദി തുടങ്ങിയവർ സംബന്ധിച്ചിരുന്നു.
Keywords: Kerala, Vande Bharat, Train, Railway, DRM, Protest, Minister, NA Nellikkunnu, MLA, Municipal Chairman, Leaders protest at Vande Bharat flag off ceremony.