ജനശതാബ്ദി എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടണം: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി
Sep 16, 2020, 19:00 IST
ന്യൂഡൽഹി: (www.kasargodvartha.com 16.09.2020) ജനശതാബ്ദി എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ ജനങ്ങൾ വളരെയധികം യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും എരിതീയിലേക്ക് എണ്ണ ഒഴിക്കുന്നത് പോലെയാണ് ജില്ലയിലെ ഗതാഗത സംവിധാനങ്ങളിൽ വന്നിരിക്കുന്ന പ്രശ്നങ്ങളെന്നും എം പി പറഞ്ഞു.
കാസർകോട് ജില്ലയിലെ ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന തെക്കൻ ജില്ലകളിലേക്ക് ഇപ്പോൾ യാത്രചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് തെക്കൻ ജില്ലകളെയാണ്.
എന്നാൽ തെക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള യാതൊരുവിധ സംവിധാനങ്ങളും കാസർകോട്ടുകാർക്ക് ഇന്നില്ല. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്പ്രസ്സ് കാസർകോട്ടേക്ക് നീട്ടുകയാണെങ്കിൽ, അത് കാസർകോട്ടെ ജനങ്ങൾക്ക് പൊതു ഗതാഗത രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വലിയൊരു ആശ്വാസമായി മാറും.
മാത്രമല്ല കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിക്കുകയും വേണം. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയ എല്ലാ ട്രെയിൻ സർവീസുകളും പുനരാരംഭിക്കേണ്ടതും അത്യാവശ്യമാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി റെയിൽവേ മന്ത്രി പിയുഷ് ഗോയലിന് കത്ത് നൽകി.
Keywords: New Delhi, news, National, COVID-19, Kasaragod, MP, Rajmohan Unnithan, Education, Janashatabdi Express to be extended to Kasargod: Rajmohan Unnithan MP