ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈകോടതി വിധി ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍; ബെംഗ്‌ളൂറു നഗരത്തില്‍ നിരോധനാജ്ഞ
ബെംഗ്‌ളൂറു: (www.kasargodvartha.com 15.03.2022) ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈകോടതി വിധി ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക. 11 ദിവസത്തെ തുടര്‍ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25ന് കേസ് വിധി പറയാന്‍ മാറ്റിവച്ചതായിരുന്നു. വിദ്യാര്‍ഥികള്‍ നല്‍കിയ വിവിധ ഹര്‍ജികളിലാണ് മൂന്നംഗ ബഞ്ച് വിധി പറയുന്നത്.
അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് ബെംഗ്‌ളൂറു നഗരത്തില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍, ആഹ്ലാദ പ്രകടനങ്ങള്‍, കൂടി ചേരലുകള്‍ എന്നിവ വിലക്കിയിട്ടുണ്ട്. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക സര്‍കാരിന്റെ വാദം. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാര്‍ഥികള്‍ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്ന നിലപാടാണ് സര്‍കാര്‍ സ്വീകരിച്ചിരിക്കുന്നത്.
യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍കാര്‍ വ്യക്തമാക്കിയിരുന്നു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
ഉഡുപ്പിയിലാണ് ഹിജാബ് വിവാദത്തിന് തുടക്കം. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം കാവി ഷോള്‍ അണിഞ്ഞെത്തിയതോടെയാണ് വിവാദത്തിന് വഴിവച്ചത്. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബും കാവി ഷോളും നിരോധിക്കുന്നതായി സര്‍കാര്‍ പ്രഖ്യാപിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ സ്‌കൂളുകളും കോളജുകളും അടച്ചിടുകയും ചെയ്തു.
Keywords: Bengaluru, News, National, Top-Headlines, High-Court, Ban, School, Students, Hijab, Government, Karnataka, Hijab Ban: Karnataka High Court Full Bench To Pronounce Judgment On Students' Plea today.