'സമരം നടത്തുന്ന കര്‍ഷകര്‍ ജോലിയില്ലാത്ത മദ്യപാനികള്‍'; വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപിക്കെതിരെ പ്രതിഷേധം, ആക്രമണത്തില്‍ കാര്‍ തകര്‍ത്തതായി റിപോര്‍ട്, 2 പേര് അറസ്റ്റില്‍
ഹിസാര്‍: (www.kasargodvartha.com 05.11.2021) സമരം നടത്തുന്ന കര്‍ഷകര്‍ ജോലിയില്ലാത്ത മദ്യപാനികളാണെന്ന വിവാദ പരാമര്‍ശം നടത്തിയ ബി ജെ പി എം പി രാം ചന്ദര്‍ ജംഗ്രക്കെതിരെ വ്യാപക പ്രതിഷേധം. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സത്രം ഉദ്ഘാടനം ചെയ്യാനെത്തിയ എംപിയുടെ കാര്‍ കര്‍ഷകര്‍ തകര്‍ത്തതായി പൊലീസ് പറഞ്ഞു. കാറിന് നേരെ ചിലര്‍ വടിയെറിഞ്ഞതിനെ തുടര്‍ന്ന് വിന്‍ഡ് ഷീല്‍ഡ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായെന്ന് പൊലീസിനെ ഉദ്ധരിച്ച് പി ടി ഐ റിപോര്‍ട് ചെയ്തു.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയില്‍ സമരം തുടരുന്നതിനിടെ ബി ജെ പി, ജനനായക് ജന്താ പാര്‍ടി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരെ കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. കരിങ്കൊടിയുമായി ബി ജെ പി എം പി റാം ചന്ദറിന്റെ വാഹനം സമരക്കാര്‍ തടയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ എംപിയുടെ അനുയായികള്‍ കര്‍ഷകര്‍ക്കെതിരെയും മുദ്രാവാക്യം മുഴക്കിയെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് പ്രക്ഷോഭകരെ നീക്കിയാണ് എംപിക്ക് സഞ്ചരിക്കാന്‍ സൗകര്യമൊരുക്കിയത്. കൃത്യമായ കൊലപാതകശ്രമമാണ് തനിക്കെതിരെ നടന്നതെന്ന് സംഭവത്തില്‍ എം പി ആരോപിച്ചു. ഹരിയാന ഡി ജി പിയോടും എസ് പിയോടും സംസാരിച്ചെന്നും കുറ്റം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം പി മാധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണമുണ്ടായതിന് ശേഷം പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പരിപാടികള്‍ റദ്ദ് ചെയ്തു. കഴിഞ്ഞദിവസം റോതകിലെ ഒരു ഗോശാലയില്നടന്ന ദീപാവലി ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴും രാം ചന്ദര്‍ ജംഗ്രക്കെതിരെ കര്‍ഷകര്‍ കടുത്ത പ്രതിഷേധമൊരുക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്രം പാസാക്കിയ നിയമങ്ങള്‍ റദ്ദാക്കണമെന്നും കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ലഭിക്കുന്ന നിയമം കൊണ്ടുവരണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Keywords: News, National, Top-Headlines, Farmer, Protest, Strike, Police, Attack, MP, BJP, Politics, Arrest, Farmers Protest, BJP MP's Car Smashed Over 'Jobless Alcoholics' Remark