city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദീപാവലി ഇങ്ങെത്തിക്കഴിഞ്ഞു; വരവേല്‍ക്കാനൊരുങ്ങി കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്‍; ചരിത്രവും പ്രാധാന്യവും അറിയാം

Diwali Festival 2024: Importance, History, Celebrations
Representational Image Generated By Meta AI

● ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തികമാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്
● ആളുകള്‍ വീടുകള്‍ മണ്‍ചിരാതുകളും വൈദ്യുതാലങ്കാരങ്ങളും ഉപയോഗിച്ച് പ്രകാശപൂരിതമാക്കുന്നു
● പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു

മുംബൈ: (KasargodVartha) ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇങ്ങെത്തിക്കഴിഞ്ഞു. ദീപാവലിയെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്‍. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഹിന്ദു സമൂഹത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായി ദീപാവലിയെ കണക്കാക്കുന്നു. ജനങ്ങള്‍ അവരവരുടെ വീടുകള്‍ മണ്‍ചിരാതുകളും വൈദ്യുതാലങ്കാരങ്ങളും ഉപയോഗിച്ച് പ്രകാശപൂരിതമാക്കി ഈ ഉത്സവം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു. 

 

ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തികമാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഇത് സാധാരണയായി ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ പകുതി വരെയുള്ള തീയതിക്കുള്ളില്‍ വരുന്നു. ദീപാവലി ഉത്സവത്തിന് പിന്നില്‍ പല ഐതിഹ്യങ്ങളും ഉണ്ട്. അവയെ കുറിച്ച് അറിയാം. 

 

ദീപാവലിയുടെ പ്രാധാന്യം

ദീപാവലി ഉത്സവത്തെ വരവേല്‍ക്കാന്‍ ആളുകള്‍ വീടുകളും പരിസരങ്ങളും വൃത്തിയാക്കുകയും സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തി മോടിപിടിപ്പിക്കുകയും ചെയ്യുന്നു. ഉത്സവത്തിന് ഒരാഴ്ച മുമ്പ് തന്നെ ശുചീകരണം ആരംഭിക്കുന്നു. 

ദീപാവലി ദിനത്തില്‍ ആളുകള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും വീടുകള്‍ മണ്‍ചിരാതുകളും മെഴുകുതിരികളും കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. പൊതു സ്ഥലങ്ങളും വൃത്തിയാക്കി അലങ്കരിക്കുന്നു. അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നു.

ചെറിയ കുട്ടികളെ എണ്ണതേച്ച് നിര്‍ത്തി കുളിപ്പിക്കുകയും അവലും മറ്റും കുഴച്ച് അയര്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്ന ചടങ്ങുകളും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. 

ദീപാവലി ആഘോഷത്തിന് പിന്നില്‍ 

'ദീപങ്ങളുടെ നിര' എന്ന അര്‍ത്ഥമുള്ള സംസ്‌കൃത പദത്തില്‍ നിന്നാണ് 'ദീപാവലി' എന്ന വാക്ക് ഉത്ഭവിച്ചത്. ഇക്കാരണത്താല്‍ തന്നെ ആളുകള്‍ അവരുടെ വീട് പ്രകാശിപ്പിക്കുന്നതിന് വിളക്കുകള്‍ തെളിയിക്കുന്നു. സ്‌കന്ദപുരാണമനുസരിച്ച്, മണ്‍ചിരാതുകള്‍ സൂര്യനെ പ്രതിനിധീകരിക്കുന്നു. ഇത് പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പ്രപഞ്ച ദാതാവിനെ കണക്കാക്കുന്നു.

നരകാസുര വധം 

കിഴക്കേ ഇന്ത്യയിലെ ആളുകള്‍ ദീപാവലിയെ ദുര്‍ഗാദേവിയുമായും അവരുടെ കാളി അവതാരവുമായും ബന്ധപ്പെടുത്തുന്നു. ബംഗാളില്‍ ദീപാവലി ആഘോഷം കാളീപൂജാ ചടങ്ങുകളോടെ ആരംഭിക്കുന്നു. ഉത്തരേന്ത്യയിലെ ബ്രജ് പ്രദേശത്തുള്ളവര്‍  ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു.


വിളവെടുപ്പ് ഉത്സവം

പലയിടങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു. ഇന്ത്യയില്‍ സമ്പന്നമായ നെല്‍കൃഷി അതിന്റെ ഫലം നല്‍കുന്ന നാളുകളായി ഇതിനെ കണക്കാക്കുന്നു. നെല്‍കൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി. ഇന്ത്യ ഒരു കാര്‍ഷിക സാമ്പത്തിക സമൂഹമായതിനാല്‍ വിളവെടുപ്പിന്റെ പ്രാധാന്യവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. സമ്പത്തിന്റെ നാഥനായി ആരാധിക്കപ്പെടുന്ന കുബേരനെയും ദീപാവലി നാളില്‍ ആരാധിക്കുന്നു.

ലക്ഷ്മി ദേവിയുടെ ജന്‍മദിനം 

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയാണ് ദീപാവലി വേളയില്‍ ഏറ്റവുമധികം ആരാധിക്കുന്ന മറ്റൊരു മൂര്‍ത്തി. ദീപാവലി നാളിലാണ് ലക്ഷ്മിദേവി സമുദ്രത്തിന്റെ ആഴത്തില്‍ നിന്ന് അവതാരമെടുത്തതെന്നാണ് വിശ്വാസം. കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലായിരുന്നു ഇത്. അതേ രാത്രിയിലാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം കഴിച്ചതെന്നും ഐതിഹ്യമുണ്ട്. 

ഈ സംഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായി വിളക്കുകള്‍ കത്തിച്ച് ആഘോഷിച്ചു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ദീപാവലി ഉത്സവ വേളയില്‍ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്നതെന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയ്‌ക്കൊപ്പം ഗണപതിയെ പുതിയ തുടക്കത്തിന്റെ പ്രതീകമായി സ്മരിക്കുകയും ദീപാവലി ദിനത്തില്‍ ആരാധിക്കുകയും ചെയ്യുന്നു.

ശ്രീരാമന്റെ മടങ്ങിവരവ് 

ഹിന്ദു ഇതിഹാസമായ രാമായണമനുസരിച്ച്, 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവര്‍ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി. തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു ശ്രീരാമന്റെ തിരിച്ചുവരവ്. അയോദ്ധ്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി തെരുവുകള്‍ മുഴുവന്‍ മണ്‍വിളക്കുകള്‍ കത്തിച്ച് വഴിതെളിച്ചു. ആ ഓര്‍മ്മ പുതുക്കലിന്റെ ദിനമായാണ് ദീപാവലി കൊണ്ടാടുന്നതെന്നുള്ള വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.


#Diwali #FestivalOfLights #HinduTraditions #LakshmiDevi #DiwaliHistory #Narakasura
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia