KS Eshwarappa | മംഗ്ളൂറിൽ അന്ന് ബാങ്ക് തലവേദന, ശിവമോഗ്ഗയിൽ ഇന്ന് സ്വയം തലവേദന; ചർച്ചയായി കെ എസ് ഈശ്വരപ്പയുടെ നിലപാടുകൾ
Mar 17, 2024, 15:16 IST
മംഗ്ളുറു: (KasargodVartha) ലോക്സഭ തിരഞ്ഞെടുപ്പിൽ തന്റെ മകൻ കെ ഇ കാന്തേശിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ശിവമോഗ്ഗ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ ആ പാർടിക്ക് തലവേദനയാവുമ്പോൾ മംഗ്ളൂറിന്റെ ഓർമയിൽ നിറയുന്നത് മറ്റൊരു തലവേദന പരാമർശം.
'ഉച്ചഭാഷിണിയില്ലെങ്കിൽ അല്ലാഹ് കേൾക്കില്ലേ, എവിടെച്ചെന്നാലും ബാങ്ക് തലവേദന തന്നെ', കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപി സംഘടിപ്പിച്ച വിജയ സങ്കല്പ യാത്ര ഉദ്ഘാടന വേദിയിൽ കെ എസ് ഈശ്വരപ്പ എംഎൽഎ പറഞ്ഞത് അങ്ങിനെയായിരുന്നു. ആ വിദ്വേഷ പരാമർശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശമായിരുന്നു ഉയർന്നത്. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ അടുത്ത ആരാധനാലയത്തിൽ നിന്നുള്ള ബാങ്ക് വിളി സ്റ്റേജിന്റെ പശ്ചാത്തലത്തിൽ മുഴങ്ങിയതായിരുന്നു പ്രകോപനം.
'എന്തൊരു തലവേദന. എവിടെ ചെന്നാലും ഇത് എനിക്ക് തലവേദനയാണ്. ഇങ്ങിനെ മൈകിൽ അലറിയാലേ അല്ലാഹ് കേൾക്കൂ? അല്ലാഹുവിന് എന്താ കേൾവിയില്ലേ? സുപ്രീം കോടതി വിധിയുണ്ട്, ഇന്നല്ലെങ്കിൽ നാളെ ഇത് അവസാനിക്കും. സംശയം വേണ്ട. നമ്മൾ പൂജയും സ്ത്രീകൾ ഭജനയും നടത്തുന്നു. അല്ലാഹുവിനെ നമുക്ക് ബധിരൻ എന്ന് വിളിക്കാം. അല്ലെങ്കിൽ അതിന്റെ ആവശ്യം വരില്ല, ഈ പ്രശ്നം വേഗം തീരും', ബാങ്കിനിടെ പ്രസംഗം നിറുത്തിയ ഈശ്വരപ്പ അന്ന് പറഞ്ഞു.
തദ്ദേശസ്വയംഭരണ-ഗ്രാമവികസന മന്ത്രിയായിരുന്നു ഈശ്വരപ്പ. അദ്ദേഹം ആവശ്യപ്പെട്ട 40 ശതമാനം കമീഷൻ നൽകാൻ കഴിയാതെയാണ് താൻ ജീവനൊടുക്കുന്നതെന്ന് കുറിപ്പെഴുതിവെച്ച് ഒരു കരാറുകാരൻ ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയുമില്ല.
Keywords: BJP, KS Eshwarappa, candidate, Loksabha Election, Karnataka, Mangalore, Shivamogga, Inauguration, MLA, Social Media, Shrine, Provocation, Discussed positions of KS Eshwarappa.