കോണ്‍ഗ്രസിനെ പിന്തുണച്ച് വോട് പാഴാക്കരുത്; ബി എസ് പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വിമര്‍ശിച്ച പ്രിയങ്ക ഗാന്ധിക്ക് ചുട്ട മറുപടിയുമായി മായാവതി
Jan 23, 2022, 17:42 IST
ലക്നൗ: (www.kasargodvartha.com 23.01.2022) ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് ജെനെറല്‍ സെക്രടറി പ്രിയങ്ക ഗാന്ധിക്ക് ചുട്ട മറുപടിയുമായി പാര്‍ടി അധ്യക്ഷ മായാവതി രംഗത്ത്. ജനങ്ങള്‍ കോണ്‍ഗ്രസിന് വോട് നല്‍കി പാഴാക്കാതെ ബി എസ് പിക്ക് വോടു ചെയ്യുന്നതാണ് നല്ലത് എന്ന് മായാവതി പറഞ്ഞു. ട്വിറ്റെറിലൂടെയാണ് മായാവതി ജനങ്ങളോട് ഇക്കാര്യം അഭ്യര്‍ഥിച്ചത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കം നിലപാട് മാറ്റേണ്ടിവന്നത് കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥയാണ് വ്യക്തമാക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. പ്രതിപക്ഷ വോടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പറഞ്ഞ മായാവതി ജനങ്ങള്‍ കോണ്‍ഗ്രസിനെ അവഗണിക്കണമെന്നും അഭ്യര്‍ഥിച്ചു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാല്‍ പിന്നീട് പാര്‍ടിയുടെ മുഖം താന്‍ മാത്രമല്ലെന്ന് പ്രിയങ്ക തിരുത്തിപ്പറഞ്ഞു. ഇതിനെയാണ് മായാവതി വിമര്‍ശിച്ചത്.
ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെ പ്രചാരണം വളരെ മന്ദഗതിയിലാണെന്നും അത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും കഴിഞ്ഞ ദിവസം പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് മായാവതി രംഗത്തെത്തിയത്.
Keywords: 'Congress' situation miserable in Uttar Pradesh', says BSP chief Mayawati, Election, News, Politics, Top-Headlines, Congress, National.