കോളേജ് വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തുകൊന്നു
Oct 11, 2012, 17:48 IST
പുത്തൂര്‍: കോളേജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി മരത്തില്‍കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തു. ഇതിനു ശേഷം കഴുത്തിലണിഞ്ഞ ടൈകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി.
പ്രതികളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബുധനാഴ്ച വൈകീട്ടാണ് നാടിന് നടുക്കിയ സംഭവം അരങ്ങേറിയത്. ഉജിരെ എസ്.ഡി.എം. കോളേജിലെ രണ്ടാംവര്‍ഷ പി.യു.സി. വിദ്യാര്‍ത്ഥിനി ധര്‍മസ്ഥല പാങ്കാളയിലെ സൗജന്യ (17)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പതിവുപോലെ ചൊവാഴ്ചയും സൗജന്യ കോളേജിലേക്ക് പോയതായിരുന്നു.
രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സൗജന്യ ബസിറങ്ങി നടന്നു പോകുന്നത് ആളുകള്‍ കണ്ടിരുന്നു. ഇതോടെ സൗജന്യയ്ക്ക് അപകടം പറ്റിയിട്ടുള്ളതായി വീട്ടുകാരും നാട്ടുകാരും സംശയിച്ചിരുന്നു. വീട്ടുകാര്‍ ഉപ്പിനങ്ങാടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കാട്ടിനകത്ത് പൂര്‍ണ നഗ്നയാക്കി കെട്ടിയിട്ട നിലയില്‍ സൗജന്യയുടെ മൃതദേഹം കാണപ്പെട്ടത്.
നഗ്നയാക്കിയ ശേഷം കോളേജ് യൂണിഫോമിന്റെ ഷാളുകൊണ്ട് കൈകാലുകള്‍ മരത്തില്‍ കെട്ടിയിട്ട നിലയിലും യൂണിഫോമിന്റെ ടൈകൊണ്ട് കഴുത്ത് മുറുക്കിയ നിലയിലുമായിരുന്നു മൃതദേഹം. കൊലയാളികളെ കണ്ടെത്താന്‍ പോലീസ് ശാസ്ത്രീയമായ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. സൗജന്യ നടന്നുപോകുന്ന വഴിയെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളുകളായിരിക്കാം കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സൗജന്യ ബസിറങ്ങിയതിനുശേഷം ഒരു യുവാവിനോട് സംസാരിക്കുന്നത് കണ്ടതായി പരിസരത്തുള്ളവര്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്.
ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സൗജന്യ കൊല്ലപ്പെട്ട രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രമ്യാ ഭട്ട് എന്ന കോളേജ് വിദ്യാര്‍ത്ഥിനിയും കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ഒരുയുവാവിനെ അറസ്റ്റു ചെയ്യുകയും വിചാണവേളയില്‍ ജയില്‍ ചാടുകയും ചെയ്തിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. ഇതിനിടയിലാണ് സമാനമായരീതിയില്‍ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്.
Keywords: Puthur, Karnataka, Student, Rape, Killed, Molestation, Obituary, National, Soujanya