കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍കാര്‍
May 20, 2021, 19:12 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 20.05.2021) കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക് ഫംഗസ് (മ്യൂകര്‍മൈകോസിസ്) പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍കാര്‍. പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്. കഴിഞ്ഞവര്‍ഷവും ഏതാനും കേസുകള്‍ റിപോര്‍ട് ചെയ്തിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക് ഫംഗസ് കേസുകള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാണുന്നുണ്ട്.
മഹാരാഷ്ട്രയില്‍ രണ്ടായിരത്തില്‍പരം കേസുകളാണ് റിപോര്‍ട് ചെയ്തത്. ഡെല്‍ഹിയില്‍ 35 വീതം കേസുകള്‍ എയിംസിലും ഗംഗാറാം ആശുപത്രിയിലും മാത്രമായുണ്ട്. കര്‍ണാടകയില്‍ 97 കേസുകളായി. ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും ബ്ലാക് ഫംഗസ് കേസുകളില്‍ വര്‍ധനയുണ്ട്.
കേരളത്തിലും കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച പ്രമേഹരോഗികളിലാണ് രോഗം കണ്ടുവരുന്നത്. അതുകൊണ്ട് രോഗത്തെ കാര്യമായി തന്നെ കാണണം. അവഗണിക്കരുത്. ചില രോഗികളില്‍ കണ്ണിന് ഫംഗസ് ബാധയേറ്റതിനെ തുടര്‍ന്ന് കണ്ണ് നീക്കം ചെയ്യേണ്ടതായും വന്നിട്ടുണ്ട്. രോഗികള്‍ മരിച്ചതായും റിപോര്‍ടുണ്ട്.
കൃത്യ സമയത്തു കണ്ടെത്തി ചികിത്സിച്ചാല്‍ പരിഹരിക്കാവുന്നതാണ് ബ്ലാക് ഫംഗസ് ബാധയെന്നു ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മുഴുവന്‍ സര്‍കാര്‍, സ്വകാര്യ ആശുപത്രികളും മ്യൂകര്‍മൈകോസിസ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പരിശോധനകള്‍ ശക്തമാക്കണമന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
Keywords: Centre Asks States To Notify 'Black Fungus' Under Epidemic Diseases Act, New Delhi, News, Health, Top-Headlines, Report, National.