വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ സഭ പാസാക്കി; ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി
ന്യൂഡെല്‍ഹി: (www.kasargodvartha.com 29.11.2021) രാജ്യത്തെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കി. ശബ്ദവോടോടെയാണ് എതിര്‍പുകള്‍ക്കിടയിലും ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ചതന്നെ രാജ്യസഭ ഇത് പരിഗണിച്ചേക്കും. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാകും.
അതേസമയം, ബിലില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. എന്നാല്‍ ഈ ആവശ്യം സ്പീകെര്‍ തള്ളി. നിയമം റദ്ദാക്കാനുള്ള ബിലിന്മേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്ന് കേന്ദ്ര സര്‍കാര്‍ അറിയിച്ചു. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. നിയമം പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നായിരുന്നു സര്‍കാര്‍ നിലപാട്.
പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗുരുനാനാക് ജയന്തി ദിനത്തില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഡിസംബര്‍ 23 വരെയാണ് സമ്മേളനം. 25 നിര്‍ണായക ബിലുകളാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുക.