നിയമസഭാ തെരഞ്ഞെടുപ്പ്; യുപിയില്‍ ബിജെപിക്ക് മികച്ച തുടക്കം; പഞ്ചാബില്‍ ഇഞ്ചോടിഞ്ച്; ആദ്യ ഫലസൂചന ആം ആദ്മി പാര്‍ടിക്ക് അനുകൂലം
ലക്നൗ: (www.kasargodvartha.com 10.03.2022) ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിര്‍ണായക ജനവിധി നിര്‍ണയിക്കുന്ന 690 മണ്ഡലങ്ങളിലെ വോടെണ്ണല്‍ രാവിലെ 8 മണിക്ക് തുടങ്ങി. ആദ്യമെണ്ണിയത് പോസ്റ്റല്‍ വോടുകളാണ്. ഉത്തര്‍പ്രദേശിന് പുറമേ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വോടെണ്ണല്‍ നടക്കുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലം. വോടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 70 ലേറെ സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 60 ലേറെ സീറ്റുകളില്‍ സമാജ്വാദി പാര്‍ടി മുന്നിലാണ്.
തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സര്‍വേകളും സംസ്ഥാനത്ത് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, 403 അംഗ സഭയില്‍ സീറ്റുകളുടെ എണ്ണത്തില്‍ അല്പം കുറവുവരും എന്നത് ഒഴിച്ചാല്‍ ബിജെപിക്ക് കാര്യമായ അപകടമില്ല എന്നാണ് പ്രവചനം. എന്നാല്‍ ഇതൊന്നു വകവയ്ക്കാതെ പ്രതിപക്ഷ പാര്‍ടികളായ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും നിറഞ്ഞ ആത്മവിശ്വാസത്തിലാണ്.
പഞ്ചാബില്‍ പോസ്റ്റല്‍ വോടുകള്‍ എണ്ണുന്നത് പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകള്‍ ആം ആദ്മി പാര്‍ടിക്ക് അനുകൂലം. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തി ആം ആദ്മി പാര്‍ടി മുന്നേറുകയാണ്. പഞ്ചാബില്‍ പത്തിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 13 സീറ്റുകളില്‍ ആം ആദ്മി പാര്‍ടി മുന്നിട്ട് നില്‍ക്കുകയാണ്.
കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ടി മുതലായവ പാര്‍ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.
അതിനിടെ വോടിങ് മെഷീനുകളില്‍ തിരിമറിയെന്ന ആരോപണത്തെത്തുടര്‍ന്ന് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സമാജ്വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവാണ് വാരാണസിയടക്കം മൂന്നിടങ്ങളില്‍ തിരിമറി നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് ആരോപണമുയര്‍ത്തിയത്.
Keywords: News, National, India, Uttar Pradesh, Politics, Political party, Top-Headlines, Assembly Election, Election, Assembly Election Result 2022