പ്രവചനം വിശ്വസിച്ച് നിധിതേടി കുഴിയെടുത്തത് 50 അടി ആഴത്തില്‍; വിഷവായു ശ്വസിച്ച് രണ്ടു മരണം
ചെന്നൈ: (www.kasargodvartha.com 30.03.2021) തമിഴ്നാട്ടില്‍ നിധിതേടി കുഴിയെടുത്ത രണ്ടുതൊഴിലാളികള്‍ വിഷവായു ശ്വസിച്ച് മരിച്ചു. മലയാളി മന്ത്രവാദിയുടെ പ്രവചനം വിശ്വസിച്ച് ആഴത്തില്‍ കുഴി നിര്‍മിക്കുന്നതിനിടെ ആഴ്വാര്‍ തിരുനഗരി രഘുപതി(47), സാത്താങ്കുളം പന്നംപാറ നിര്‍മല്‍ ഗണപതി(17) എന്നിവരാണ് മരിച്ചത്. നിധിക്കായി 50 അടി ആഴത്തില്‍ വരെ കുഴി എടുത്തിരുന്നു.
തൂത്തുക്കുടി നാസറേത്ത് തിരുവള്ളൂര്‍ കോളനിയിലെ മുത്തയ്യയുടെ കുടുംബത്തോടാണ് വീട്ടുവളപ്പില്‍ നിധിയുണ്ടെന്ന് മലയാളി ജോത്സ്യന് വിശ്വസിപ്പിച്ചത്. ഇതേതുടര്‍ന്ന് മുത്തയ്യയും മക്കളും ആറു മാസമായി തൊഴിലാളികളുടെ സഹായത്തോടെ കുഴിയെടുക്കുകയായിരുന്നു.
ഇവരെ രക്ഷിക്കാനിറങ്ങിയ മുത്തയ്യയുടെ മക്കളായ ശിവമാലൈ(40), ശിവവേലന്‍(37) എന്നിവരെ അത്യാസന്നനിലയില്‍ പാളയംകോട്ട ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ കുഴിയില്‍ നിറഞ്ഞ മഴവെള്ളം മോടോര്‍പമ്പ് ഉപയോഗിച്ച് വറ്റിച്ചതിനുശേഷം ഇറങ്ങിയപ്പോഴാണ് വിഷവായു ശ്വസിച്ച് തൊഴിലാളികള്‍ മരിച്ചത്.
പൊലീസും അഗ്നിശമന വിഭാഗവും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. മരിച്ച നിര്‍മല്‍ ഗണപതി ചെന്നൈ ഫിഷറീസ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. മുത്തയ്യ ലേത് വര്‍ക്ഷോപിലെ കാവല്‍ക്കാരനായി ജോലി ചെയ്യുന്നു.
തെറ്റിദ്ധരിപ്പിച്ച് കുഴിയെടുക്കാന്‍ നിര്‍ബന്ധിച്ച മന്ത്രവാദിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.