ക്രൈസ്തവ പ്രാര്‍ത്ഥനാലയം അക്രമം: 19 ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Mar 10, 2013, 13:10 IST
മംഗലാപുരം: ഉഡുപ്പി മൂഡുബെല്ലിയിലെ ക്രൈസ്തവ പ്രാര്‍ത്ഥനാലയത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മതം മാറ്റം നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണ് വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനാലയത്തില്‍ സംഘടിച്ചെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ പരിക്കേറ്റ ബൈബില്‍ സൊസൈറ്റി അംഗം റോഷന്റെ മാതാവ് എമിലിയാലോബോ, കാര്‍ക്കളയിലെ സൂര്യ(38), ശാന്തറാം, പ്രേം മെന്ഡോള്ക്ക(16), രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാവിയോ ജോണ്സണ് എന്നിവരെ അജ്ജാര്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രമേഷിനെ കെ.എം.സി. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ റിതേഷ് ഷെട്ടി(22), വിശ്വനാഥ ആചാര്യ(22), രാഘവേന്ദ്ര ആചാര്യ(22), ആനന്ദ്(22), രമേഷ ഷെട്ടി(24), സുരാജ് ഷെട്ടി(24), ഉമേഷ് ആചാരി(22), സുരേഷ് പൂജാരി(23), ദയാനന്ദ പൂജാരി(30), സതീഷ്(22), ഉമേശ് നായക്(36), ജയപ്രകാശ്(27), പ്രകാശ് പൂജാരി (28), സന്ദീപ് പൂജാരി(28), സുരേഷ് പൂജാരി (24), സദാശിവ കുമാര്‍ (34) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവര്‍ കാര്‍ക്കള, മട്ടാര്‍, മാവിനക്കട്ട പ്രദേശങ്ങളിലുള്ളവരാണ്.
12 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാലയത്തിനുനേരെ ഇത് രണ്ടാംതവണയാണ് അക്രമണമുണ്ടാകുന്നത്. സംഭവത്തില്‍ മറ്റുചില പ്രതികള്‍ കൂടിയുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും ഐ.ജി.പ്രകാശ് റെഡ്ഡി പറഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉഡുപ്പി മൂഡുബെല്ലി പരിസരത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നു.
Keywords: Mangalore, National, Udupi, Attack, Prayer meet, Police, case, 7 injured in Bajrang Dal attack on Christian prayer house in Udupi, Moodubelle, Boralingaiah