ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം ബാധിച്ച് ഒരാള്‍ മരിച്ചു, 292 പേര്‍ ചികിത്സയില്‍; രോഗകാരണം കണ്ടെത്താനാവാതെ അധികൃതര്‍
അമരാവതി: (www.kasargodvartha.com 07.12.2020) ആന്ധ്രാപ്രദേശിലെ എലൂരില്‍ ദുരൂഹ രോഗം ബാധിച്ച് 45 കാരന്‍ മരിച്ചു. ചര്‍ദ്ദി, അപസ്മാരം എന്നീ ലക്ഷണങ്ങളോടെ എലൂരുവിലെ ജി ജി എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 292 ആയി. ആരോഗ്യസ്ഥിതി മോശമായ ഏഴ് പേരെ വിജയവാഡയിലെ സര്‍കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കും മറ്റുമായി പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ എലൂരുവിലേക്ക് അയച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു.
തലക്കറക്കവും ചര്‍ദ്ദിയും വന്ന് ആളുകള്‍ പൊടുന്നനെ അബോധാവസ്ഥയിലായതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയിലെത്തിച്ചവരുടെ രക്തപരിശോധനയും സി ടി സ്‌കാനും ഉള്‍പ്പെടെ നടത്തിയെങ്കിലും പെട്ടെന്നുള്ള രോഗത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് അറിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ആന്ധ്രാ പ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി ഫോണില്‍ സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
140 ല്‍ അധികം രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നല്‍കിയ ശേഷം വീടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സമയം ആശുപത്രിയില്‍ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കല്‍ വിഭാഗം അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ എഴുപത് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിട്ടുണ്ട്. നിലവില്‍ 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണ്.
രോഗികള്‍ വ്യത്യസ്ത പ്രായത്തിലുള്ളവാരാണ്. ഇതില്‍ ഒരു ആറുവയസുകാരിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ വിജയവാഡയിലേക്ക് മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാരുടെയും റിസള്‍ട് നെഗറ്റീവ് ആണ്.
സെറിബ്രല്‍ സ്പൈനല്‍ ഫ്ലൂയിഡ് ടെസ്റ്റുകളിലും അസാധാരണമായ ഒന്നും കണ്ടെത്തിയിട്ടില്ല. കണ്‍ച്ചറല്‍ ടെസ്റ്റ് ഫലം പുറത്തുവരുന്നതോടെ മാത്രമേ രോഗകാരണത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുള്ളൂവെന്നാണ് ആരോഗ്യവിഭാഗം അറിയിച്ചത്. ഇ-കോളി ഫലങ്ങള്‍ കൂടി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും ജില്ലാ ജോയിന്റ് കളക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞു.
എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുമായും മറ്റ് വിദഗ്ധരുമായും വിഷയം സംസാരിച്ചതായി ബി ജെ പി എം പി ജി വി എല്‍ നരസിംഹറാവു പറഞ്ഞു. അതേസമയം ജല മലിനീകരണമല്ല രോഗത്തിന്് കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഭൂരിഭാഗം പേരും സുഖം പ്രാപിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ രോഗികളെ മാറ്റുന്നതിനായി വിജയവാഡയിലെ ജി ജി എച്ചില്‍ 50 കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ എ കെ കെ ശ്രീനിവാസ് (നാനി) പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ ശാസ്ത്രജ്ഞര്‍ തിങ്കളാഴ്ച എലൂരുവില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞു.
അതിനിടെ ഇവിടെ നിന്നും ലഭിച്ച പാലിന്റെ സാമ്പിളുകളും വിജയവാഡയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Keywords: News, National, India, Health, Patient's, Top-Headlines, Andhra Pradesh, Diseased, Doctors, Reason, Health Minister, 1 Dead, 292 Fall Sick In Andhra Pradesh Due To Mysterious Disease