Accident | കാട്ടുപന്നി ബൈക്കിൽ ഇടിച്ചു; പിൻസീറ്റ് യാത്രക്കാരിക്ക് ദാരുണാന്ത്യം
● മംഗളൂരു ഹരേകലയിലാണ് അപകടം നടന്നത്.
● ദേവകി മനായി (72) ആണ് മരിച്ചത്.
● മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ദേവകി.
● ദേവകിയുടെ ഭർത്താവ് ആറ് മാസം മുൻപാണ് മരിച്ചത്.
മംഗ്ളുറു: (KasargodVartha) ഹരേകല ഗ്രാമത്തിലെ ഖണ്ഡിഗയിൽ ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ വയോധിക മരിച്ചു. ഖണ്ഡിഗയിലെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപം കുന്നിൻ പ്രദേശത്ത് നിന്ന് പെട്ടെന്ന് റോഡിലേക്ക് കുതിച്ചെത്തിയ കാട്ടുപന്നി ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ഹരേകല ഗ്രാമത്തിലെ കെ വി ദേവകി മനായി (72) ആണ് മരിച്ചത്.
ദേവകിയും മകൻ വരദരാജും ബജാലിലെ ബന്ധുവീട് സന്ദർശിച്ച് സ്കൂട്ടറിൽ അഡ്യാർ-പാവൂർ വഴി ഹരേകലയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ഖണ്ഡിഗയിൽ എത്തിയപ്പോൾ റോഡിന്റെ മധ്യത്തിലേക്ക് ഒരു കാട്ടുപന്നി അപ്രതീക്ഷിതമായി ഓടിയെത്തി. ഇത് കണ്ട് പരിഭ്രാന്തനായ വരദരാജ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നിലിരുന്ന ദേവകി റോഡിലേക്ക് തെറിച്ചുവീണു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ദേവകിയെ ഉടൻതന്നെ ഹരേകലയിലെ ക്ലിനിക്കിൽ പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദേർളക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവകി മനായിയുടെ ഭർത്താവ് ഭോജ മനായി ആറുമാസം മുൻപാണ് അസുഖത്തെ തുടർന്ന് മരിച്ചത്. ഒരു മകനും രണ്ട് പെൺമക്കളും പേരക്കുട്ടികളുമടങ്ങുന്നതാണ് ദേവകിയുടെ കുടുംബം.
A 72-year-old woman died in a bike accident after a wild boar collided with their vehicle in Mangaluru's Harecala. The incident occurred on Saturday night when Devaki Manai was traveling with her son.
#WildBoarAccident, #MangaluruAccident, #RoadSafety, #WildlifeAttack, #TragicIncident, #Harecala