city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലാകാശം പൂകിയത് കർണാടക രാഷ്ട്രീയത്തിലെ ഓസ്കാർ

സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvartha.com 14.09.2021) കല, സാംസ്കാരിക, രാഷ്ട്രീയ വേദികളിൽ നിറഞ്ഞ ഓസ്കാർ ഫെർണാൻഡസ് തന്റെ ഇഷ്ട നിറമായ ആകാശ നീലയണിഞ്ഞ് യാത്രയായതോടെ കർണാടക രാഷ്ട്രീയത്തിലെ ഓസ്കാർ ഇനി ജനഹൃദയങ്ങളിൽ തിരുശേഷിപ്പ്. കലാസ്വാദകർക്ക് മുന്നിൽ കുച്ചുപ്പുടി നർത്തകനായി, സാംസ്കാരിക വേദികളിൽ യക്ഷഗാന ബയലാട്ടക്കാരനായി, ദേവാലയങ്ങളിലും ക്രൈസ്തവ സംഗമങ്ങളിലും വീണയുടെ ഈണത്തിൽ പാടുന്ന ഗായകനായി, കോൺഗ്രസ് രാഷ്ട്രീയത്തിൽ നെഹ്റു കുടുംബത്തിൽ തലമുറകളുടെ ഇടയനായി പൊതുപ്രവർത്തനം നടത്തിയ ആരുമായും ഇടയാത്ത ഒരാൾ. യോഗ പരിശീലകൻ എന്ന വർത്തമാന നിയോഗം കൂടി എൺപതിന്റെ കിതപ്പില്ലാതെ ഏറ്റെടുത്ത ഓസ്കാറിന് സംഭവിച്ച കാലിടറലായി മരണയോഗം.

  
നീലാകാശം പൂകിയത് കർണാടക രാഷ്ട്രീയത്തിലെ ഓസ്കാർ



കർണാടക മുൻമുഖ്യമന്ത്രി ദേവരാജ് അർസ് പ്രത്യേക കോൺഗ്രസ് ഉണ്ടാക്കി വേറിട്ട വേളയിൽ കർണാടകയിൽ എത്തിയ ഇന്ദിര ഗാന്ധി ചിക്കോഡിയിൽ ഓസ്കാർ ഫെർണാൻഡസിനോട് ആരാഞ്ഞു-'വ്യവസായ പ്രമുഖൻ ടി എ പൈയെ പരാജയപ്പെടുത്താൻ നിങ്ങൾക്കാവുമോ?' സാധിക്കും എന്ന മറുപടിയിലെ തന്റേടം കണ്ട ഇന്ദിര 1980ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഓസ്കാറിനെ ഉടുപ്പിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചരൺ സിങ് സർകാർ നിലംപൊത്തിയതിനെതുടർന്നായിരുന്നു ഇടക്കാല തെരഞ്ഞെടുപ്പ്.

കോൺഗ്രസിന്റെ ഉടുപ്പി സിറ്റിംഗ് എം പിയും ഇന്ദിര ഗാന്ധിയുടെ മന്ത്രിസഭയിൽ അംഗവും സിൻഡികേറ്റ് ബാങ്ക് ചെയർമാനുമായ വ്യവസായി ടി എ പൈ അർസ് പക്ഷത്തേക്ക് മാറിയതായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യം. പൈയെ മൂന്നാം സ്ഥാനത്ത് തള്ളി രണ്ടാം സ്ഥാനക്കാരനായ ജനത പാർടിയുടെ വി എസ് ആചാര്യയേക്കാൾ 1.60 ലക്ഷം വോടുകൾ നേടി ഓസ്കാർ ഉജ്വല വിജയം നേടി. ആ ജയത്തോടെ ഓസ്കാർ ഇന്ദിര ഗാന്ധിയിലും രാജീവിലും സോണിയയിലും സൃഷ്ടിച്ച വിസ്മയം രാഹുലിലും പ്രിയങ്കയിലും പടർന്നു നിൽക്കേയാണ് അദ്ദേഹം വിടചൊല്ലിയത്.

'ഓസ്കാർ ഫെർണാൻഡസ്ജിയുടെ മരണം എനിക്ക് വ്യക്തിപരമായി തന്നെ വലിയ നഷ്ടമാണ്. അദ്ദേഹം മാർഗദർശകനും ഉപദേശകനുമായിരുന്നു' - രാഹുൽ ഗാന്ധി എം പി ട്വിറ്ററിൽ കുറിച്ചു. 'കോൺഗ്രസിന് വിശ്വസ്തനായ പടയാളിയെയാണ് നഷ്ടപ്പെട്ടത്. ആ വേർപാട് അപാരമാണ്' - പ്രിയങ്ക ഗാന്ധി വധ്ര ട്വീറ്റ് ചെയ്തു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അരുൺ സിങ്, അഹ്‌മദ് പട്ടേൽ, ഓസ്കാർ ഫെർണാൻഡസ് എന്നിവരായിരുന്നു പാർലിമെന്ററി സെക്രടറിമാർ.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ഓസ്കാർ ഫെർണാൻഡസിന്റെ ദേഹവിയോഗത്തിൽ അതീവ ദുഃഖവും നടുക്കവും പ്രകടിപ്പിച്ച് ഭാര്യ ബ്ലോസമിന് കത്തയച്ചു. 'കേന്ദ്ര മന്ത്രിസഭയിൽ കർണാടകയുടെ വരദാനമായിരുന്നു എനിക്ക് ഏറെ പ്രിയങ്കരനായ ഓസ്കാർ. യു പി എ മന്ത്രിസഭയിൽ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്തും വിശിഷ്യാ കർണാടക സംസ്ഥാനത്തും ഓസ്കാറിന്റെ സേവനങ്ങൾ എന്നെന്നും ഓർക്കപ്പെടും' - മൻമോഹൻ കത്തിൽ പറഞ്ഞു.

കല, സാംസ്കാരിക രംഗങ്ങൾ കൈവിടാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ കോൺഗ്രസ് നേതാവ് എം വീരപ്പ മൊയ്ലിയുടെ സഹയാത്രികനായിരുന്നു ഓസ്കാർ. മൊയ്ലിയും ഓസ്കാറും ചേർന്നാണ് ഡൽഹിയിലെ സാംസ്കാരിക വേദികളിൽ കർണാടകയുടെ തനത് കലാരൂപമായ യക്ഷഗാനത്തിൽ വേഷമിട്ടിരുന്നത്.

ഓസ്കാറിന്റെ ഭൗതിക ശരീരം മംഗളൂറിൽ നിന്ന് അഞ്ചുതവണ തുടർചയായി തന്നെ പാർലമെന്റിൽ എത്തിച്ച ഉടുപ്പിയിലേക്ക് കൊണ്ടുപോയി. ഉടുപ്പി ദേവാലയത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കളും വൈദികരും കോൺഗ്രസ് നേതാക്കളും ഏറ്റുവാങ്ങി. കർണാടക സർകാരിന് വേണ്ടി മന്ത്രി കൊട ശ്രീനിവാസ പൂജാരി അന്തിമോപചാരം അർപിച്ചു. കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാർ, യു ടി ഖാദർ എംഎൽഎ, മുൻ മന്ത്രിമാരായ വിജയകുമാർ സൊറകെ, പ്രമോദ് മാധവരാജ്, കെ പി സി സി സെക്രടറി ഐവവൻ ഡിസൂസ തുടങ്ങിയവർ അന്തിമോപചാരം അർപിച്ചു. ബിഷപ് ഡോ. ജെറാൾഡ് ഐസക് ലോബോ പ്രാർഥനക്ക് നേതൃത്വം നൽകി.

ഉടുപ്പി കോൺഗ്രസ് ഓഫീസ് പരിസരത്ത് ചൊവ്വാഴ്ച രാവിലെ 10.30 മുതൽ പൊതുദർശനത്തിന് വെച്ചു. വൈകുന്നേരം മംഗളൂറിലേക്കെടുത്ത് ദക്ഷിണ കന്നട ജില്ല കോൺഗ്രസിന്റെ ഓഫീസിൽ സൂക്ഷിക്കുന്ന മൃതദേഹം ബുധനാഴ്ച ബെംഗളൂറിൽ കെ പി സി സി ആസ്ഥാനത്ത് പൊതുദർശനത്തിന് ശേഷം ബെംഗളുറു സെന്റ് പാട്രിക്സ് ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്യും.


Keywords: Karnataka, News, Arts, Politics, Minister, Congress, Udupi, Prime Minister, Manmohan Singh, Mangalore, MLA, KPCC, Office, Top-Headlines, Tributes paid to Oscar Fernandes.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia