Tragedy | സ്‌കൂൾ ഹോസ്റ്റലിൽ ഹോളി ആഘോഷത്തിനായി തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥി മരിച്ചു; 28 പേർ ആശുപത്രിയിൽ
● 'സ്കൂൾ ഹോസ്റ്റലിന് ലൈസൻസ് ഇല്ലായിരുന്നു'
● 'അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്'
● സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ദുഃഖം രേഖപ്പെടുത്തി.
മംഗ്ളുറു: (KasargodVartha) സ്കൂൾ ഹോസ്റ്റലിൽ ഹോളി ആഘോഷത്തിനായി തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് മേഘാലയ സ്വദേശിയായ വിദ്യാർഥി മരിക്കുകയും 28 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ടി കഗേപൂർ ഗ്രാമത്തിലെ ഗോകുൽ വിദ്യാ സംസ്‌ഥേ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഞായറാഴ്ച രാത്രി ഹോളി ആഘോഷങ്ങൾക്ക് ശേഷം ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കെർലോങ് (14) എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്.
1989 മുതൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് ഹോസ്റ്റൽ നടത്താനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ടി അറിയിച്ചു. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് നിയമവിരുദ്ധമായി ഹോസ്റ്റൽ നടത്തിയിരുന്നത്. ഈ അനാസ്ഥയാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്നും പൊലീസ് പറയുന്നു.
സമീപത്തുള്ള പരിപാടികളിൽ നിന്നോ ആഘോഷങ്ങളിൽ നിന്നോ വിവാഹങ്ങളിൽ നിന്നോ ഹോസ്റ്റൽ മിച്ചം വരുന്ന ഭക്ഷണം ഈ അന്തേവാസികൾക്ക് നൽകുന്ന ക്രമീകരണമാണ് സ്കൂൾ പിന്തുടരുന്നതെന്ന് എസ് പി പറഞ്ഞു. എൽകെജി മുതൽ എട്ടാം ക്ലാസ് വരെ ആകെ 202 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. മേഘാലയയിൽ നിന്നുള്ള 30 കുട്ടികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.
വിദ്യാർഥിയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. ദുരന്തത്തിൽ മരണപ്പെട്ട വിദ്യാർഥിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം, പ്രത്യേകിച്ചും പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നതിന് മുമ്പ് എല്ലാവരും കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A student died and 28 others were hospitalized after eating food prepared for Holi celebrations at a school hostel in Mangalore. The school hostel was operating without a license and lacked basic facilities. Three people have been arrested in connection with the incident.
#HoliTragedy, #FoodPoisoning, #SchoolIncident, #StudentDeath, #MangaloreNews, #KarnatakaNews