Investigation | 3 വിദ്യാർഥിനികൾ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമ പൊലീസ് പിടിയിൽ
● മൂന്ന് എൻജിനീയറിംഗ് വിദ്യാർഥിനികളാണ് മരിച്ചത്
● റിസോർട്ടിൽ ലൈഫ് ഗാർഡ് ഇല്ലായിരുന്നു
● റിസോർട്ടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
മംഗ്ളുറു: (KasargodVartha) ഉള്ളാൾ ഉച്ചിലയിലുള്ള റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ച മൂന്ന് വിദ്യാർഥിനികളുടെ മരണവുമായി ബന്ധപ്പെട്ട് വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രനെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. റിസോർട്ടിൽ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ദാരുണ സംഭവം ഉണ്ടായതെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
മംഗ്ളുറു സബ് ഡിവിഷണൽ ഉദ്യോഗസ്ഥർ റിസോർട്ടിന്റെ വ്യാപാര ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തതായി അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ റിസോർട്ട് സീൽ ചെയ്യുമെന്നാണ് വിവരം. ഞായറാഴ്ചയുണ്ടായ അപകടത്തിൽ മൈസൂറിലെ നിശിത എം ഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്.
മൂന്ന് സുഹൃത്തുക്കളും വാരാന്ത്യ അവധിയിൽ ഉല്ലാസത്തിനായി മംഗ്ളൂറിലെത്തിയിരുന്നു. ശനിയാഴ്ച ബീച്ചിന് സമീപമുള്ള വാസ്കോ റിസോർട്ടിൽ മുറിയെടുത്തിരുന്നു. വിദ്യാർഥിനികളിൽ ഒരാൾ ആറടി ആഴമുള്ള നീന്തൽക്കുളത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മൂവർക്കും നീന്താൻ അറിയില്ലാതിരുന്നതാണ് മരണകാരണമെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മരണപ്പെട്ട മൂന്ന് പേരും മൈസൂറിൽ എൻജിനീയറിംഗ് അവസാന വർഷ വിദ്യാർഥിനികളായിരുന്നു.
റിസോർട്ടിൽ ലൈഫ് ഗാർഡും നീന്തൽക്കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന യാതൊരു മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. വിദ്യാർഥിനികൾ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും അവരെ സഹായിക്കാൻ എത്തിയില്ലെന്ന് കമ്മീഷണർ പറഞ്ഞു. യുവതികൾ നീന്തൽക്കുളത്തിൽ വെള്ളത്തിൽ മല്ലിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#Mangaluru #drowning #accident #resort #safety #India #breakingnews #tragedy