Proposal | കൊച്ചി മാതൃകയിൽ മംഗ്ളൂറിലും വാട്ടർ മെട്രോ വരുന്നു; പുഴയിലൂടെ നഗരം ചുറ്റി സഞ്ചരിക്കാം
● നേത്രാവതി, ഫൽഗുനി നദികളെ ബന്ധിപ്പിക്കും
● കർണാടക മാരിടൈം ബോർഡാണ് പദ്ധതി നടപ്പിലാക്കുന്നത്
● ആദ്യ ഘട്ടത്തിൽ 17 സ്റ്റേഷനുകളിലായി 30 കിലോമീറ്റർ ദൂരം
മംഗ്ളുറു: (KasargodVartha) കർണാടക മാരിടൈം ബോർഡ് മംഗ്ളുറു നഗരത്തിൽ പുതിയ ഗതാഗത സംവിധാനമായി വാട്ടർ മെട്രോ നടപ്പിലാക്കാൻ ഒരുങ്ങുന്നു. കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തെ തുടർന്നാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. നേത്രാവതി, ഫൽഗുനി നദികളെ ബന്ധിപ്പിച്ച് ബജൽ മുതൽ മറവൂർ വരെ വ്യാപിക്കുന്നതായിരിക്കും ഈ വാട്ടർ മെട്രോ സംവിധാനം.
ആദ്യ ഘട്ടത്തിൽ 17 സ്റ്റേഷനുകളിലായി 30 കിലോമീറ്റർ ദൂരം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബജൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗറു, ബോലാർ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും ഈ റൂട്ട്.
രണ്ട് വർഷം മുമ്പ് മാരിടൈം ബോർഡ് നേത്രാവതി, ഫാൽഗുനി നദികളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിരുന്നു. ചരക്കുകളും യാത്രക്കാരും ഒരേസമയം കൈകാര്യം ചെയ്യുന്ന ഒരു ബാർജ് പദ്ധതിക്കായിരുന്നു അന്ന് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഈ പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല.
2024-25 ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. മെട്രോ സ്റ്റേഷനുകൾക്ക് ആവശ്യമായ സ്ഥലം, നെറ്റ്‌വർക്ക് സാധ്യത എന്നിവയെല്ലാം പഠനവിധേയമാക്കും. കൂടാതെ, പഴയ തുറമുഖത്തെ തിരക്ക് കുറയ്ക്കുന്നതിന് റോറോ സര്‍വീസ് (റോൾ-ഓൺ/റോൾ-ഓഫ്) നടത്തുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠനവും നടത്തും.
കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമാണ്. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളും 38 ജെട്ടികളുമാണ് ഇവിടെ ഉള്ളത്. സുഖകരവും സുരക്ഷിതവുമായ യാത്രാമാർഗമെന്ന നിലയിൽ കൊച്ചി വാട്ടർ മെട്രോ ശ്രദ്ധേയമാണ്.
മംഗളൂരു വാട്ടർ മെട്രോ പദ്ധതി നടപ്പിലായാൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും. പുഴയുടെ സൗന്ദര്യം ആസ്വദിച്ച് നഗരം കറങ്ങാമെന്നതിനാൽ ടൂറിസത്തിനും മുതൽക്കൂട്ടാകും.
നിർദിഷ്ട സ്റ്റേഷനുകൾ
1. ബജൽ
2. സോമേശ്വര ക്ഷേത്രം
3. ജെപ്പിനമൊഗറു
4. ബോളാർ ബീച്ച് വ്യൂ
5. ഉള്ളാൾ (കൊടേപുര)
6. ഹൊയിഗെ ബസാർ (CMFRI)
7. ബെംഗ്രെ
8. ബന്ദർ (പഴയ തുറമുഖം)
9. ബോലൂർ-ബൊക്കപട്ടണ
10. തണ്ണീർ ഭവി
11. സുൽത്താൻ ബത്തേരി
12. പുതിയ മംഗ്ളുറു തുറമുഖം (NMPA)
13. ബംഗ്ര കുളൂർ
14. കുളൂർ പാലം
15. ബൈക്കാംപാടി ഇൻഡസ്ട്രിയൽ ഏരിയ
16. കുഞ്ഞത്ത് ബെയിൽ
17. മറവൂർ പാലം
#MangaloreWaterMetro #Karnataka #India #Transportation #Infrastructure #SustainableTransport #Tourism