Drug Bust | കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട! 75 കോടിയുടെ എംഡിഎംഎ പിടികൂടി മംഗ്ളുറു പൊലീസ്; 2 ദക്ഷിണാഫ്രിക്കൻ യുവതികൾ പിടിയിൽ
● ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
● നിയമവിരുദ്ധമായി താമസിക്കുകയായിരുന്നു ഇരു പ്രതികളും.
● വിമാനങ്ങളിൽ ട്രോളി ബാഗുകളിൽ മയക്കുമരുന്ന് കടത്തി.
മംഗ്ളുറു: (KasargodVartha) കർണാടക പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ, ഏകദേശം 75 കോടി രൂപ വിലമതിക്കുന്ന 37.870 കിലോഗ്രാം എംഡിഎംഎ മംഗ്ളുറു സിറ്റി പൊലീസ് ബെംഗ്ളൂറിൽ നിന്ന് പിടികൂടി. സംഭവത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ യുവതികളെ അറസ്റ്റ് ചെയ്തു. ബാമ്പ ഫന്റ എന്ന അഡോണിസ് ജാബുലിലെ (31), അബിഗാലി അഡോണിസ് എന്ന ഒഡിജോ ഇവാൻസ് (30) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ ബെംഗ്ളൂറിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള നീലാദ്രിനഗറിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് വില്പനക്കാർക്ക് കൈമാറാൻ പോവുകയായിരുന്നു ഇവർ. വ്യാജ പാസ്പോർട്ടും വിസയും ഉപയോഗിച്ച് രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുകയായിരുന്നു ഇരു പ്രതികളും.
ഡൽഹിയിൽ നിന്ന് ബെംഗ്ളൂറിലേക്കും മുംബൈയിലേക്കും രാത്രി വൈകിയുള്ള വിമാനങ്ങളിൽ ട്രോളി ബാഗുകളിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരികയും, പുലർച്ചെ കാബുകളിൽ നെലമംഗല, കെആർ പുരം, വൈറ്റ്ഫീൽഡ്, ഹോസകോട്ടെ, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ വില്പനക്കാർക്ക് എത്തിക്കുകയും തിരികെ പോകുകയുമാണ് ഇവരുടെ രീതിയെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ വിശദീകരിച്ചു.
മയക്കുമരുന്ന് ഇന്ത്യക്ക് പുറത്തുനിന്നോ ഡൽഹിക്കടുത്തുള്ള എവിടെനിന്നോ ആണ് സംഘടിപ്പിക്കുന്നതെന്നാണ് സംശയം. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച്, ഇരു പ്രതികളും ഒരു വർഷത്തിലേറെയായി മയക്കുമരുന്ന് സംഘത്തിൽ സജീവമായിരുന്നു. 2020ൽ ബിസിനസ് വിസയിൽ ഡൽഹിയിലെത്തിയ ബാമ്പ, ഒന്നര വർഷം മുമ്പാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞത്. മുമ്പ് ഫുഡ് കാർട്ട് ബിസിനസ് ആണ് നടത്തിയിരുന്നത്.
അഡോണിസ് 2020 ജൂലൈയിൽ മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്. പിന്നീട് വസ്ത്രവ്യാപാരം ആരംഭിച്ച ശേഷം മയക്കുമരുന്ന് കച്ചവടത്തിലേക്ക് മാറുകയായിരുന്നു. ഇരുവരും ആഢംബര ജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതികൾ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കും ബെംഗളൂരുവിലേക്കും 50 ലധികം തവണ യാത്ര ചെയ്ത് മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ കർണാടകയിൽ ബെംഗളൂരുവിൽ മാത്രമാണ് ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. മംഗളൂരുവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തെ മംഗളൂരു സിസിബി ഉദ്യോഗസ്ഥരുടെ കഠിനമായ പരിശ്രമമാണ് നഗരത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലേക്ക് നയിച്ചതെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. മംഗ്ളൂറിനടുത്തുള്ള പമ്പ്‌വെല്ലിലെ ഒരു ലോഡ്ജിൽ നിന്ന് ഹൈദർ അലി എന്നയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടികൂടിയതാണ് വഴിത്തിരിവായത്. തുടർന്ന്, മംഗ്ളുറു ഈസ്റ്റ് പൊലീസ് കേസ് സിസിബിക്ക് കൈമാറി. ഈ അന്വേഷണം പോലീസിനെ പീറ്റർ ഇക്കെഡി ബെലോൺവു എന്ന നൈജീരിയൻ പൗരനിലേക്ക് എത്തിച്ചു. ഇയാളിൽ നിന്ന് ആറ് കിലോഗ്രാമിലധികം എംഡിഎംഎ പിടിച്ചെടുത്തു.
പൊലീസ് അവരുടെ ശ്രമങ്ങൾ തുടർന്നു, ഇത് കൂടുതൽ ആഫ്രിക്കൻ പൗരന്മാരുടെ അറസ്റ്റിലേക്ക് നയിച്ചു.
ഇത്രയും കാലം ഉയർന്ന സുരക്ഷയുള്ള വിമാനത്താവളങ്ങൾ വഴി പ്രതികൾ എങ്ങനെ മയക്കുമരുന്ന് കടത്തിക്കൊണ്ടുപോയി എന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സഹായം തേടാനും പൊലീസ് പദ്ധതിയിടുന്നുണ്ട്.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.
Karnataka Police seized 37.870 kg of MDMA worth approximately ₹75 crore in Bengaluru, marking the state's largest drug bust. Two South African nationals were arrested for drug trafficking and illegal residency. The operation revealed an extensive network involving multiple cities and international connections.
#KarnatakaDrugs, #MDMASeizure, #BengaluruPolice, #DrugBust, #InternationalArrest, #Narcotics