എക്സൈസ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; കൊമ്പ് കുത്തിയിറക്കി വാഹനം മറിച്ചിടാന്‍ ശ്രമം, ഉദ്യോഗസ്ഥര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
കല്‍പ്പറ്റ: (www.kasargodvartha.com 12.09.2021) തോല്പെട്ടിയില് എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വാഹനത്തിലുള്ളവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മാനന്തവാടി എക്സൈസ് സര്‍കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അജയ കുമാര്‍, സിഇഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്, ഡ്രൈവര്‍ രമേശന് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ രാത്രി തിരുനെല്ലി തെറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ വനത്തിനുള്ളില്‍ നിന്ന് പാഞ്ഞടുത്ത ആന ഡിപാര്‍ട്മെന്റ് വാഹനം ആക്രമിക്കുകയായിരുന്നു. മുന്‍ഭാഗത്ത് കൊമ്പ് കുത്തിയിറക്കിയ ആന വാഹനം ഉയര്‍ത്തി മറിച്ചിടാന്‍ ശ്രമിച്ചു.
ഉദ്യോഗസ്ഥര്‍ ബഹളം വെച്ചതോടെയാണ് ആന പിന്മാറിയത്. ഇതിനിടെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ നിസാര പരിക്കേറ്റ ഉദ്യോഗസ്ഥര്‍ വയനാട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
Keywords: News, Kerala, Vehicle, Animal, Treatment, Medical College, Injured, Excise, Top-Headlines, Wild elephant attack on excise vehicle in Wayanad