city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിപ്പൂരില്‍ കസ്റ്റംസ് ചെയ്ത അക്രമം ഹക്കീം റുബ വിശദീകരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 04/12/2015) കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോസ്ഥര്‍ യാത്രക്കാരെ ദ്രോഹിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട് എരിയാല്‍ കുഡ്‌ലു വില്ലേജ് ഓഫീസിന് സമീപത്തെ മിഹ്‌റാജ് മന്‍സിലില്‍ ഹാഷിമിന്റെ മകന്‍ ഹക്കീം റുബയ്ക്ക് നേരിടേണ്ടിവന്ന ദുര്‍ഗതി. യാത്രക്കാര്‍ക്ക് സൗകര്യംചെയ്തുകൊടുക്കാന്‍ കഴിയുന്നില്ലെങ്കിലും അവരെ ദ്രോഹിക്കാതിരുന്നുകൂടെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. യാത്രക്കാരെയെല്ലാം ഏന്തോ കുറ്റംചെയ്തുവരുന്നവരാണെന്ന രീതിയിലാണ് പലപ്പോഴും കസ്റ്റംസിന്റെ ഭാഗത്തുനിന്നുള്ള പെരുമാറ്റം. പരിശോധനയ്ക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ളപ്പോഴാണ് മണലാരണ്യത്തിലും മറ്റും കഷ്ടപ്പെട്ട് വരുന്നവരെ കസ്റ്റംസും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നത്. പലപ്പോഴും അവര്‍പറയുന്ന തുകനല്‍കി പെട്ടെന്ന് വീട്പിടിക്കുകയെന്ന രീതിയാണ് മിക്ക പ്രവാസികളും ചെയ്തുവരുന്നത്.

ചോദ്യംചെയ്യുന്നവര്‍ക്ക്മാത്രമാണ് പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നത്. കസ്റ്റംസ് ദ്രോഹിക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കിയാല്‍ പറഞ്ഞപണം പിരിഞ്ഞുകിട്ടുമെന്ന് ഉത്തമ ബോധ്യമുള്ളവരാണ് പല കസ്റ്റംസ് ഉദ്യോഗസ്ഥരും. ഫായിസ് ഉള്‍പെടെയുള്ള സ്വര്‍ണകള്ളക്കടത്തുകാര്‍ 800 കോടിയോളം രൂപയുടെ സ്വര്‍ണം കരിപ്പൂര്‍വഴി ഒഴുക്കിയിട്ടും ഈ'വിശദ'പരിശോധന ഉണ്ടായില്ലെന്നതാണ് അത്ഭുതം. ഇതിനിടയിലാണ് പാവപ്പെട്ടപ്രവാസികള്‍ എത്തുമ്പോള്‍ അവരെ പിഴിയുന്നത്.

അതിനിടെ പക്കീം റുബയുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് കസ്റ്റസ് സുപ്രണ്ടിനെതിരെ കേസെടുത്തു. കസ്റ്റംസ് സുപ്രണ്ടിനെ പ്രകോപിപ്പിച്ചത് അദ്ദേഹം കൈക്കൂലി ചോദിച്ചപ്പോള്‍ മറ്റു രണ്ട് യാത്രക്കാരുടെ മുന്നില്‍വെച്ച് പ്രതികരിച്ചതിന്റെ പേരിലാണെന്ന് ഹ്ക്കീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

രാവിലെ 10 മണിക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രാത്രി ഏഴ് മണിവരെ ഒമ്പത് മണിക്കൂറോളം തടഞ്ഞുവെക്കുകയായിരുന്നു. ദുബൈയില്‍ കനേഡിയന്‍ ഐടി കമ്പനിയായ മൈക്കലില്‍ സോഫ്റ്റ വെയര്‍ എഞ്ചിനിയറാണ് ഹക്കീം. എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞപ്പോള്‍ പരിശോധനയ്ക്കായി ലഗേജ് തുറന്നുതരണമെന്ന് കസ്റ്റംസ് സുപ്രണ്ട്  ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു. എക്‌സ്‌റേ സ്‌കാനിങ് കഴിഞ്ഞതാണെന്നും വീണ്ടും ലഗേജ് തുറന്നാല്‍ പഴയ രീതിയില്‍ പാക്ക് ചെയ്യാനുള്ള സാധനങ്ങള്‍ തന്റെ കയ്യിലില്ലെന്ന് പറയുകയും പെട്ടിതുറന്നാല്‍ കസ്റ്റംസ് തന്നെ പാക്ക്‌ചെയ്തുതരണമെന്നും പറഞ്ഞതോടെയാണ് പ്രശ്‌നം ഉണ്ടായത്.

ഇതിനിടയില്‍ കുറച്ച് ക്യാഷ് തന്നാല്‍ പെട്ടിതുറന്നുകാണിക്കാതെ പോകാമെന്ന് പറഞ്ഞപ്പോള്‍ ഇത്‌നേരത്തേപറഞ്ഞാല്‍പോരെയെന്നും ഇത്രയുംബുദ്ധിമുട്ടിക്കേണ്ടകാര്യമില്ലെന്നും പറഞ്ഞതോടെ കസ്റ്റംസ് സുപ്രണ്ടിന് ദേഷ്യം സഹിക്കാന്‍കഴിഞ്ഞില്ല. കൈക്കൂലിനല്‍കാന്‍ ഉദ്ദേശമില്ലെന്നും പെട്ടിതുറന്ന് പരിശോധിക്കാമെന്നും മറ്റു രണ്ട് യാത്രക്കാര്‍ക്ക് മുമ്പില്‍വെച്ച് പറഞ്ഞതോടെ സുപ്രണ്ട് തന്റെ പാസ്‌പോര്‍ട്ടും ലഗേജ് ട്രോളിയുമായി തൊട്ടടുത്തുള്ള എയര്‍ ഇന്ത്യ ഓഫീസിന്റെ കര്‍ട്ടന്‍കൊണ്ട് മറച്ച ക്യാബിനിലേക്ക് പോയി. ഈ ക്യാബിനില്‍ സി സി ടി വി ക്യാമറ ഉണ്ടായിരുന്നില്ല. ഇതിന് ശേഷം തന്നെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളിച്ചു. മാന്യമായി സംസാരിക്കണമെന്നും ഞാനും അന്തസുള്ളവനാണെന്ന് പറഞ്ഞപ്പോള്‍ തന്റെ കോളര്‍പിടിച്ച് വലിക്കുകയും പിടിക്കുകയും ചവിട്ടുകയും ചെയ്തു.

തന്റെ ലഗേജ് തടഞ്ഞുവെച്ചപ്പോള്‍തന്നെ താന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെവിളിച്ച് വിവിരം പറഞ്ഞിരുന്നു. സുഹൃത്ത് അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ചാനല്‍ റിപോര്‍ട്ടറോട് കാര്യംപറഞ്ഞു. രണ്ട് ചാനലുകളുടെ റിപോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാറും ഇതിനിടയില്‍ വിമാനത്താവളത്തിന്റെ പുറത്തെത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ചാനല്‍ റിപോര്‍ട്ടര്‍മാര്‍ എത്തിയകാര്യം മനസ്സിലാക്കിയിരുന്നു. തന്നെ ഇടിച്ചതുമൂലം കണ്ണിന് താഴെ നീര് വന്നിരുന്നു. ഇത് കാരണം തന്നെ പെട്ടന്നു പുറത്തുവിടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഓരോകാരണങ്ങള്‍ പറഞ്ഞ് അവര്‍ ഒമ്പത് മണിക്കൂറോളം ക്യാബിനില്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു ചാനല്‍ റിപോര്‍ട്ടര്‍ തിരിച്ചുപോയപ്പോള്‍ വൈകിട്ട് ഏഴ് മണിയോടെയാണ് തന്നെ വിട്ടയച്ചത്.

പോകുന്നതിന് മുമ്പ് എന്റെ ഭാഗത്താണ് തെറ്റെന്നും മറ്റുമുള്ള വിവരങ്ങള്‍ കാണിച്ച് ഒപ്പിട്ട കടലാസ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ എഴുതി വാങ്ങിച്ചിരുന്നു. ഭീഷണിപ്പെടുത്തിയാണ് തന്നില്‍നിന്നും ഇക്കാര്യങ്ങള്‍ ഒപ്പിട്ടുവാങ്ങിയത്. ഇതിനിടയില്‍ തന്റെ കയ്യിലുള്ള മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുക്കാനുള്ള ശ്രമവും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു. തന്റെ കയ്യിലുള്ളത് കമ്പനി ഫോണും ലാപ്‌ടോപുമാണെന്നും ഇത് പിടിച്ചെടുത്താല്‍ ഇന്റര്‍നാഷണല്‍ കേസ് വരുമെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥന്‍ ഈശ്രമത്തില്‍നിന്നും പിന്‍മാറി. താന്‍ കമ്പനിയില്‍വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ നിയമപരമായി ഉദ്യോഗസ്ഥനെതിരെ നീങ്ങണമെന്നാണ് പറഞ്ഞതെന്ന് ഹക്കീം പറഞ്ഞു.

പരാതിയുമായി മുന്നോട്ടുപോയാല്‍ കസ്റ്റംസിന്റെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നും ദുബൈയിലേക്കോ മറ്റോ ഇനി പോകാന്‍ കഴിയില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും ഹക്കീം പറഞ്ഞു. തനിക്ക് വിദേശത്ത്തന്നെ ജോലിചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും നാട്ടില്‍ ജോലിചെയ്ത് ജീവിച്ചോളാമെന്നും പറഞ്ഞാണ് ഇവരുടെ അടുക്കലില്‍നിന്നും താന്‍ പുറത്തുകടന്നതെന്ന് ഹക്കീം കൂട്ടിച്ചേര്‍ത്തു. ഭാര്യാവീട് മലപ്പുറത്തായതിനാലാണ് താന്‍ കരിപ്പൂര്‍വഴി വന്നതെന്നും ഇല്ലെങ്കില്‍ സാധാരണ മംഗളൂരുവഴിയാണ് വരാറുള്ളതെന്നും ഹക്കീം വ്യക്തമാക്കി. തന്നെ ദ്രോഹിച്ച ഉദ്യോഗസ്ഥനെതിരെ നിയമപരമായി മുന്നോട്ടുപോകും.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് തനിക്കെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് ഓഫീസര്‍ കരിപ്പൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഭാര്യയോടൊപ്പം കാസര്‍കോട്ടേക്കുള്ളയാത്രക്കിടെ ഹക്കീം വ്യക്തമാക്കി. കരിപ്പൂര്‍ പോലീസില്‍നിന്നും കേസിന്റെ എഫ് ഐ ആര്‍ വാങ്ങിയശേഷം മാത്രമേ താന്‍ കാസര്‍കോട്ടെത്തുകയുള്ളുവെന്നും ഹക്കീം പറഞ്ഞു.
കരിപ്പൂരില്‍ കസ്റ്റംസ് ചെയ്ത അക്രമം ഹക്കീം റുബ വിശദീകരിക്കുന്നു


Keywords: What happened in Karipur, Hakeem explains, Kasaragod, Kerala, Airport, Complaint, Hakeem Ruba

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia